യാത്രമധ്യേ പാളം തെറ്റിയ കേരള എക്‌സ്പ്രസ് യാത്ര പുനരാരംഭിച്ചു; ട്രെയിന്‍ ആറുമണിക്കൂറോളം വൈകി ഓടുന്നതായി റെയില്‍വേ

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്

വിജയവാഡ: തിരുവനന്തപുരത്തേക്കുള്ള യാത്രമധ്യേ പാളം തെറ്റിയ ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ് (12626) യാത്ര പുനരാരംഭിച്ചു. ആറുമണിക്കൂറോളം വൈകിയാണ് നിലവില്‍ ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ വെച്ചാണ് കേരള എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റിയത്. സംഭവത്തില്‍ ആളപായമില്ല. പാളം തെറ്റിയ പാന്‍ട്രി കാര്‍ മാറ്റിയാണ് ട്രെയിന്‍ ഇപ്പോള്‍ യാത്ര പുനരാരംഭിച്ചത്.കേരള എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് ആ റൂട്ടിലൂള്ള ട്രെയിന്‍ സര്‍വ്വീസുകളെയെല്ലാം ബാധിച്ചു.

കേരളത്തിലേക്കുള്ള ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് മൂന്നു മണിക്കൂറോളം വൈകിയാണ് ഇപ്പോള്‍ ഓടുന്നത്. യേര്‍പേട് റെയില്‍വെ സ്റ്റേഷനിലേക്ക് കടക്കുന്നതിനിടെയാണ് ട്രെയിന്‍ പാളം തെറ്റിയത്. ആ സമയം ട്രെയിന്‍ വേഗം കുറച്ച് വന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ട്രെയിനിന്റെ ചക്രങ്ങളില്‍ ഒന്നിന് കേടുപറ്റിയതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.

Exit mobile version