വേണ്ട സേട്ടാ, എനിക്ക് ജോലി ചെയ്ത പൈസ മതി! കളഞ്ഞുകിട്ടിയ തുക ഉടമസ്ഥനെ ഏല്‍പ്പിച്ച് മാതൃകയായി ഒഡീഷ സ്വദേശി

കൊച്ചി: റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ തുക ഉടമസ്ഥനെയേല്‍പ്പിച്ച് സത്യസന്ധതയ്ക്ക് മാതൃകയായി ഒഡീഷ സ്വദേശിയായ കന്‍ഹു ചരണ്‍ മണ്ഡല്‍ എന്ന യുവാവ്. കലൂര്‍ സ്വദേശി നയന പ്രകാശ് അമ്മയുടെ ഡയാലിസിസിന് കരുതി വച്ചിരുന്ന പണമാണ് ബൈക്ക് യാത്രയ്ക്കിടെ നഷ്ടമായത്.

വൈകിട്ട് കോട്ടയത്തു പോയി മടങ്ങും വഴി കുണ്ടന്നൂര്‍ പാലത്തില്‍ വച്ചാണു നയനപ്രകാശിനു പഴ്‌സ് നഷ്ടമായത്. കടവന്ത്ര എത്തിയപ്പോഴാണ് അറിയുന്നത് പഴ്‌സ് നഷ്ടമായെന്ന്. എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ പഴ്‌സിലാണുള്ളത്. എന്തു ചെയ്യണമെന്ന് അറിയാതെ കുറെ നേരം അവിടെത്തന്നെ നിന്നു.

പിന്നെയാണ് അമ്മയെ വിളിച്ചു പറയുന്നത്. അമ്മ എസ്‌ഐ ആയി റിട്ടയര്‍ ചെയ്ത ആളാണ്. സ്റ്റേഷനില്‍ അറിയിക്കാനായിരുന്നു ഉപദേശം. ശേഷം സുഹൃത്തിനൊപ്പം കടവന്ത്രയില്‍ നിന്നു നേരത്തെ സഞ്ചരിച്ച വഴിയിലൂടെ കുറെ അന്വേഷിച്ചു. ഇതിനിടെയാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് വിളി വന്നത്.

ഒന്‍പതുവര്‍ഷമായി കൊച്ചിയില്‍ ജോലി ചെയ്യുകയാണ് ഒഡിഷ സ്വദേശിയായ കന്‍ഹു ചരണ്‍ മണ്ടല്‍. വീടുകള്‍ തോറും പൂന്തോട്ടങ്ങള്‍ ഒരുക്കുന്ന ജോലിയാണ്. വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് റോഡില്‍ നിന്നും പണം ലഭിച്ചത്. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ പണം എത്തിക്കുകയായിരുന്നു. പഴ്‌സില്‍ നിന്നും കിട്ടിയ ഒരു ആശുപത്രി കാര്‍ഡിലെ വിവരങ്ങള്‍ വച്ച് ബന്ധപ്പെട്ടാണു ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് പോലീസ് നയനപ്രകാശിനെ വിളിയ്ക്കുന്നത്.

ഒരു മാസം ജോലി ചെയ്താല്‍ കന്‍ഹുവിന് ലഭിക്കുന്നത് 10,000 രൂപയാണ്. ഇതില്‍ നല്ലൊരു ഭാഗം ചെലവിനു വേണം. ബാക്കിയുള്ള തുക നാട്ടിലേയ്ക്ക് അയച്ചു കൊടുക്കും. ഈ തുക നിനക്ക് സ്വന്തമാക്കി കൂടാരുന്നോ എന്ന് ചോദിച്ചവരോട് കന്‍ഹു പറഞ്ഞ മറുപടി ഇങ്ങനെ ‘അത് വേണ്ട സേട്ടാ, എനിക്ക് ജോലി ചെയ്ത പൈസ മതി’ എന്നാണ്.

Exit mobile version