വേണമെങ്കില്‍ എനിക്ക് പരിക്കേല്‍ക്കാതെ ചാടി രക്ഷപ്പെടാമായിരുന്നു, പക്ഷേ ആറു വര്‍ഷമായി പരിചയമുള്ള യാത്രക്കാരിയാണ്; മരണത്തെ മുഖാമുഖം കണ്ട ഓട്ടോ ഡ്രൈവര്‍ പറയുന്നു

വലതു വശത്തുകൂടി കാര്യമായി വാഹനങ്ങള്‍ വരുന്നില്ല. ചില ബൈക്കുകള്‍ വലതു ഭാഗം കയറി ഓവര്‍ടേക്ക് ചെയ്ത് മുന്നോട്ടു പോകുന്നുണ്ട്.

കാക്കനാട്: കഴിഞ്ഞ ദിവസം കാക്കനാട് നഗരത്തെ നടുക്കിയ ഒന്നായിരുന്നു ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും തമ്മിലുള്ള അപകടം. നേര്‍ക്കുനേര്‍ ആണ് വാഹനങ്ങള്‍ പാഞ്ഞെത്തിയത്. എന്നാല്‍ മരണത്തെ മുഖാമുഖം കണ്ട ഓട്ടോ ഡ്രൈവര്‍ സജീവനും ഉണ്ട് ചിലത്. കാക്കനാട്ടേക്കു പോകുമ്പോള്‍ ഇരുമ്പനത്തിനടുത്ത് മനയ്ക്കപ്പടി പാലത്തില്‍വെച്ചായിരുന്നു അപകടം നടന്നത്. ഓട്ടോയില്‍ ആറു വര്‍ഷമായി പരിചയമുള്ള യാത്രക്കാരിയാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറയുന്നു. തനിക്ക് വേണമെങ്കില്‍ പരിക്കേല്‍ക്കാതെ ചാടി രക്ഷപ്പെടാമായിരുന്നുവെന്നും എന്നാല്‍ അവരെ രക്ഷപ്പെടുത്തണമെന്ന് മാത്രമായിരുന്നു ആ സമയത്തെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.

ടാങ്കര്‍ ലോറി നേരെ വരുന്നത് കണ്ട് അവരോട് ‘ചാടിക്കോ’ എന്നു പറഞ്ഞതും അവര്‍ ചാടിയതുകൊണ്ട് രക്ഷപ്പെട്ടു. പക്ഷേ ഞാന്‍ ചാടാന്‍ സമയമെടുത്തതുകൊണ്ട് അപകടത്തില്‍ പെടുകയായിരുന്നു. എന്നാലും വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത് ഭാഗ്യമായി’ എന്നും സജീവന്‍ പറയുന്നു. സജീവന് തലയ്ക്കും മൂക്കിന്റെ പാത്തിക്കും കാര്യമായി പരിക്കേറ്റിട്ടുണ്ട്. ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകരുകയും ചെയ്തു. അന്ന് പാലത്തില്‍ ഒരു ഭാഗത്തേക്ക് നല്ല തിരക്കുണ്ടായിരുന്നു. വലതു വശത്തുകൂടി കാര്യമായി വാഹനങ്ങള്‍ വരുന്നില്ല. ചില ബൈക്കുകള്‍ വലതു ഭാഗം കയറി ഓവര്‍ടേക്ക് ചെയ്ത് മുന്നോട്ടു പോകുന്നുണ്ട്.

ഈ സമയം ഓവര്‍ടേക് ചെയ്തു വന്ന ബൈക്കുകാരന്‍ എതിരെ വരുന്ന ലോറിക്കു മുന്നിലെത്തി വെട്ടിച്ചുപോകാനാണ് വന്നത്. പക്ഷേ അടുത്തെത്തിയപ്പോള്‍ ടാങ്കര്‍ ലോറി ഇടിക്കുമെന്നായി. ബൈക്കുകാരനെ രക്ഷപ്പെടുത്താനാണ് ലോറിക്കാരന്‍ ഇടത്തോട്ട് വെട്ടിച്ച് ബ്രേക്ക് ചവിട്ടിയത്. ഈ സമയം ലോറിയുടെ ടയര്‍ പാലത്തിന്റെ കട്ടിങ്ങില്‍ തട്ടുകയും ഒരു ഭാഗം പൊളിഞ്ഞു പോകുകയും ചെയ്തു. ഇതോടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. പാലത്തിലായതിനാല്‍ ഓട്ടോറിക്ഷ വെട്ടിച്ചു മാറ്റാനും സ്ഥലമില്ലായിരുന്നു.

ലോറി ഓട്ടോയില്‍ ഇടിക്കുമെന്ന് ഉറപ്പായപ്പോയതോടെയാണ് യാത്രക്കാരിയോട് ചാടാന്‍ നിര്‍ദേശം നല്‍കിയതെന്ന് സജീവന്‍ പറയുന്നു. അവര്‍ ചാടിയിട്ട് ചാടാന്‍ കാത്തതുകൊണ്ട് വണ്ടി നേരെ ലോറിയില്‍ ചെന്നിടിച്ചു. ഇതിനിടെ ബൈക്കുകാരനും അപകടത്തില്‍ പരിക്കേറ്റു. പുറകേ വന്ന കാറുകാരന്‍ ഓട്ടോയില്‍ വന്ന് ഇടിച്ചു. ഒരു ബൈക്കും കൂടി അപകടത്തില്‍ പെട്ടു. ഓട്ടോറിക്ഷ നന്നാക്കിയെടുക്കാന്‍ 25000 രൂപയെങ്കിലും വേണ്ടിവരുമെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു. പരിക്ക് ഭേദമാകാനും സമയമെടുക്കും. എന്തായാലും ആര്‍ക്കും കാര്യമായി ഒന്നും സംഭവിക്കാതിരുന്നതില്‍ ദൈവത്തിനു നന്ദി പറയുകയാണ് അദ്ദേഹം.

Exit mobile version