മഫ്തിയില്‍ യാത്രക്കാരായി എത്തിയത് 250ഓളം പോലീസുകാര്‍; മിന്നല്‍ പരിശോധനയില്‍ എട്ടിന്റെ പണി കിട്ടിയത് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക്, എട്ട് ലക്ഷം പിഴ ഈടാക്കി

രാവിലെ പതിനൊന്ന് മണിക്കാണ് പരിശോധന ആരംഭിച്ചത്.

ബംഗളൂരു: സവാരി പോകാന്‍ വിളിച്ചാല്‍ ഒഴിവില്ല, അധിക യാത്രക്കൂലി, തുടങ്ങിയവയാണ് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ഉയരുന്ന പരാതികള്‍. ഈ സാഹചര്യത്തില്‍ നഗരത്തില്‍ മിന്നല്‍ പരിശോധന നടത്തിയിരിക്കുകയാണ് ബംഗളൂരു പോലീസ്. 250ഓളം പോലീസ് മഫ്തി വേഷത്തില്‍ യാത്രക്കാരായി എത്തിയാണ് പരിശോധന നടത്തിയത്. അപ്രതീക്ഷിത പരിശോധനയില്‍ എട്ട് ലക്ഷത്തിലധികം പിഴ ഈടാക്കിയതായി പോലീസ് പറയുന്നു. സവാരി പോകാന്‍ വിസമ്മതിക്കുകയും അധിക യാത്രാക്കൂലി വാങ്ങുകയും ചെയ്ത 5,200 ഡ്രൈവര്‍മാര്‍ക്കാണ് പിഴ ചുമത്തിയത്.

രാവിലെ പതിനൊന്ന് മണിക്കാണ് പരിശോധന ആരംഭിച്ചത്. വൈകുന്നേരത്തോടെയാണ് പരിശോധന അവസാനിച്ചത്. പോലീസുദ്യോഗസ്ഥര്‍ സമീപിച്ചവരില്‍ 1,575 പേര്‍ ആവശ്യപ്പെട്ടയിടത്തേക്ക് സവാരി പോകാന്‍ വിസമ്മതിച്ചു. 1,346 പേര്‍ മീറ്ററിലേക്കാള്‍ അധിക യാത്രക്കൂലി ആവശ്യപ്പെട്ടു. ഇവരെ കൂടാതെ ലൈസന്‍സില്ലാതെ വാഹനമോടിച്ചവര്‍, യൂണിഫോമണിയാത്തവര്‍, വാഹനത്തിന്റെ അവശ്യരേഖകള്‍ സൂക്ഷിക്കാത്തവര്‍ എന്നിവരും കുടുങ്ങി. ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു പരിശോധന നടത്തിയതെന്ന് ജോയിന്റ് കമ്മിഷണര്‍(ട്രാഫിക്)ബിആര്‍ രവികണ്ഠഗൗഡ പറയുന്നു. പരിശോധനയില്‍ വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍മാരുടെ പെരുമാറ്റത്തെ കുറിച്ചും നിരവധി പരാതികള്‍ ലഭിച്ചതായും വിവരമുണ്ട്. മതിയായ രേഖകള്‍ ഇല്ലാതിരുന്ന 492 ഓട്ടോറിക്ഷകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ചില ഡ്രൈവര്‍മാര്‍ വ്യാജരേഖകള്‍ ഹാജരാക്കിയതായും പോലീസ് അറിയിച്ചു.

Exit mobile version