ഫുട്‌ബോള്‍ കമ്പം മൂത്ത് പതിനാലുകാരന്‍ നാടുവിട്ടു; ഒന്നരമാസത്തെ അന്വേഷണത്തിനൊടുവില്‍ മൂവാറ്റുപുഴക്കാരനെ കണ്ടെത്തിയത് തമിഴ്‌നാട്ടില്‍ നിന്ന്

തിരുവനന്തപുരം: ഒന്നരമാസമായി കാണാനില്ലായിരുന്ന പതിനാലുകാരനെ കേരളാ പോലീസ് കണ്ടെത്തി. മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ 14 കാരന്‍ അമറിനെയാണ് നീണ്ട അന്വേഷണത്തിനൊടുവില്‍ പോലീസിന് കണ്ടെത്താനായത്. കോയമ്പത്തൂരിലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് അമറിനെ കണ്ടെത്തിയത്.

കുട്ടിയെ കണ്ടെത്തിയ കാര്യം കേരളാപോലീസ് ഫേസ്ബുക്കില്‍ പങ്കുവച്ചു. ഫുട്‌ബോള്‍ കമ്പം കയറിയ ബാലന്‍ മികച്ച ഭാവി തേടിയാണ് നാടുവിട്ടതെന്ന് പോലീസ് പറഞ്ഞു.കോയമ്പത്തൂരില്‍ പാനിപൂരി കടയില്‍ ജോലിയും ഒഴിവ് സമയം ഫുട്‌ബോള്‍ പരിശീലനവുമായി കഴിയുകയായിരുന്നു അമര്‍. ഫുട്‌ബോള്‍ കളിക്കാനായി എത്തിയപ്പോഴാണ് അന്വേഷണസംഘം അമറിനെ കണ്ടെത്തിയത്.

46 ദിവസം മുമ്പ് യാതൊരു തുമ്പുമില്ലാതെ കാണാതായ 14കാരന്‍ അമറിനെ കണ്ടെത്താന്‍ വേണ്ടി അമറിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ നിര്‍ദ്ദേശാനുസരണം ഡിവൈഎസ്പി ജിജി മോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.

കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി അനാഥാലയങ്ങളിലും ഫുട്‌ബോള്‍ ക്ലബുകള്‍, വിവിധങ്ങളായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണം നടത്തിയിരുന്നു. ഭിക്ഷാടന മാഫിയയാണ് കാണാതായതിന് പിന്നിലെന്ന് അഭ്യൂഹം പരന്നിരുന്നു.

Exit mobile version