19 വര്‍ഷം മുമ്പ് നാടുവിട്ടു, വിസ ലംഘനത്തിന് യുകെ പോലീസിന്റെ പിടിയിലായി; ഒടുവില്‍ തുണയായി ഫേസ്ബുക്ക് പോസ്റ്റ്! കാത്തിരിപ്പിനൊടുവില്‍ അജയ് സ്വന്തം വീട്ടിലെത്തി

ഡല്‍ഹിയിലെ പൊതുപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയായ ദീപ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് അജയ്ക്ക് നാട്ടിലേക്ക് തിരിയെത്താന്‍ സഹായകമായത്.

തിരുവനന്തപുരം: ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ പത്തൊമ്പത് വര്‍ഷം മുന്‍പ് നാട് വിട്ട യുവാവ് നാട്ടിലേക്ക് തിരികെയെത്തി. കല്ലമ്പലം നെടുംപറമ്പ് സ്വദേശി അജയ് ഭാസിയാണ് (37) നാട്ടിലേക്ക് തിരികെയെത്തിയത്. അതേസമയം, മകന്റെ തിരിച്ചുവരവില്‍ സന്തോഷത്തിലാണ് അമ്മ ശോഭയും ബന്ധുക്കളും.

ഡല്‍ഹിയിലെ പൊതുപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയായ ദീപ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് അജയ്ക്ക് നാട്ടിലേക്ക് തിരിയെത്താന്‍ സഹായകമായത്.

സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ….

നാടുവിട്ട് ലണ്ടനിലെത്തിപ്പെട്ട ഇരട്ട സഹോദരന്മാരില്‍ ഒരാളായ അജയ് ഭാസി വിസാ ചട്ടങ്ങള്‍ ലംഘിച്ചതിന് യുകെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അവിടത്തെ ഡിറ്റെന്‍ഷന്‍ ക്യാമ്പില്‍ കഴിഞ്ഞു. ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞ ശേഷം ഉദ്യോഗസ്ഥര്‍ അവിടെ നിന്ന് അജയ് ഭാസിയെ എമര്‍ജന്‍സി പാസ്‌പോര്‍ട്ടില്‍ ഡല്‍ഹിയിലേക്ക് കയറ്റി അയച്ചു.

ഡല്‍ഹിയില്‍ വന്ന് ഇറങ്ങുമ്പോള്‍ അജയിയുടെ കൈയില്‍ ആകെയുള്ളത് പാസ്‌പോര്‍ട്ടും ഒന്ന് രണ്ടു മുഷിഞ്ഞ വസ്ത്രങ്ങളും മാത്രമായിരുന്നു. വിശപ്പ് സഹിക്കാന്‍ വയ്യാതെ അവിടെ അലഞ്ഞു നടന്ന അജയ് ഒരു കടയില്‍ നിന്നും ഭക്ഷണം എടുത്തു കഴിച്ചു. കൊടുക്കാന്‍ പണമില്ലാത്തതിന് കടയുടമ പ്രശ്‌നമുണ്ടാക്കുമ്പോഴാണ് അജയ് മലയാളി സാമൂഹിക പ്രവര്‍ത്തകയും സുപ്രീംകോടതി അഭിഭാഷകയുമായ ദീപ ജോസഫിന്റെ ശ്രദ്ധയില്‍പെടുന്നത്.

അവര്‍ ഇടപെടുമ്പോള്‍ പരസ്പര വിരുദ്ധമായി കാര്യങ്ങള്‍ പറയുന്ന ചെറുപ്പക്കാരന്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണെന്ന് മനസ്സിലായി. തുടര്‍ന്ന്, അവര്‍ അജയ്‌യുടെ ഫോട്ടോയെടുക്കുകയും പാസ്‌പോര്‍ട്ടിലെ വിലാസവും ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ആ ഫേസ്ബുക് പോസ്റ്റിലെ പാസ്‌പോര്‍ട്ട് വിലാസം കണ്ടാണ് അജയിയെ നാട്ടുകാര്‍ തിരിച്ചറിയുന്നത്.

തുടര്‍ന്ന് നാട്ടുകാര്‍ ദീപ ജോസഫിനെ ബന്ധപ്പെടുമ്പോള്‍ അജയ് എവിടെയുണ്ടെന്ന് അറിയാത്ത അവസ്ഥയായി. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തി. ഡല്‍ഹിയില്‍ മലയാളി അസോസിയേഷനും കൂടെക്കൂടി.

കൂടാതെ, ഡല്‍ഹി മലയാളി അസോസിയേഷന്‍ ഭാരവാഹികൂടിയായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഷാജി അവിടെ പോലീസ് നടപടികള്‍ ഏകോപിപ്പിച്ചു. ഡല്‍ഹിയിലേക്ക് അജയിയെ തിരക്കി പോയ രാജീവും ഹേലിയും അജയിയെ കണ്ടെത്താനാകാതെ നാട്ടിലേക്ക് തിരിച്ചപ്പോഴേക്കും യുവാവിനെ കണ്ടെത്തിയെന്നുള്ള പോലീസ് സന്ദേശം ലഭിച്ചു.

ശനിയാഴ്ച ഡല്‍ഹിയില്‍ എയര്‍പോര്‍ട്ട് പരിസരത്തുനിന്ന് അജയിയെ ഡല്‍ഹി എയര്‍പോര്‍ട്ട് പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കല്ലുവിള രാജീവും ഹേലിയും അജയിയുടെ മാതാവ് ശോഭക്കൊപ്പം രാത്രി വീണ്ടും തിരിച്ചു ഡല്‍ഹിക്ക് പോയി. അവിടെ നടപടികള്‍ പൂര്‍ത്തിയാക്കി അജയിയെയും കൊണ്ട് അവര്‍ തിങ്കളാഴ്ച രാവിലെ നെടുമ്പാശ്ശേരിയിലെത്തി. ഉച്ചയോടെ കല്ലമ്പലത്തെ വീട്ടിലെത്തി.

Exit mobile version