ഫാത്തിമ ലത്തീഫിന്റെ മരണം; കേസ് സെൻട്രൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കും; ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ ഒളിവിൽ

ചെന്നൈ: കൊല്ലം സ്വദേശിനിയായ വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് മദ്രാസ് ഐഐടി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവം സെൻട്രൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ തമിഴ്നാട് സർക്കാർ നിയോഗിച്ചു. സെൻട്രൽ ക്രൈം ബ്രാഞ്ച് അഡീഷണൽ കമ്മീഷണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. ഫാത്തിമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുയർന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കുമെന്നും കമ്മീഷണർ എകെ വിശ്വനാഥൻ വ്യക്തമാക്കി.

ഫാത്തിമയുടെ മരണം അന്വേഷിക്കുന്ന അന്വേഷണ സംഘത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥരും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഫാത്തിമ ലത്തീഫിന്റെ കുടുബം ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും നേരിട്ട് പരാതി സമർപ്പിച്ചിരുന്നു.

തമിഴ്‌നാട് പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണം കേസിന്റെ തുടക്കം മുതൽ തന്നെ ഉയർന്നിരുന്നു. അതിനിടെ ഫാത്തിമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് അധ്യാപകരെ പോലീസ് ചോദ്യം ചെയ്തു. വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആരോപണം നേരിടുന്ന മദ്രാസ് ഐഐടിയിലെ അധ്യാപകൻ സുദർശൻ പത്മനാഭനെതിരെ സഹപാഠികളാരും മൊഴി നൽകിയിട്ടില്ലെന്നാണ് ചെന്നൈ പോലീസ് പറയുന്നത്. അതേസമയം, കേസ് അന്വേഷണം സിബിഐക്ക് കൈമാറണം എന്ന ആവശ്യവുമായി ഐഐടിയിലെ ഒരു വിഭാഗം വിദ്യാർത്ഥികൾ രംഗത്തെത്തി.

ആത്മഹത്യ ചെയ്ത ഫാത്തിമയുടെ മൊബൈൽ ഫോണിൽ നിന്ന് അധ്യാപകരായ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവർക്കെതിരായ കുറിപ്പ് കണ്ടെത്തിയിരുന്നു. ഈ അധ്യാപകരുടെ മാനസിക പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്ന് വ്യക്തമായി പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ വെളിപ്പെടുത്തിയിരുന്നു. സുദർശൻ പത്മനാഭൻ പഠിപ്പിക്കുന്ന ലോജിക്ക് പേപ്പറിന് 20ൽ 13മാർക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ച് മാർക്കിന് കൂടി അർഹതയുണ്ടെന്ന് ചൂണ്ടികാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ സമീപിച്ചിരുന്നു. അന്ന് വൈകിട്ടോടെയാണ് ഫാത്തിമ ലത്തീഫിനെ സരയൂ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം, ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ശേഷം സുദർശൻ പത്മനാഭൻ ക്യാമ്പസിൽ എത്തിയിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് വിവരം. ഇതിനിടെ, പോലീസ് ഇതുവരെ ആരോപണ വിധേയരായ ഹേമചന്ദ്രൻ, മിലിന്ദ് എന്നീ അധ്യാപകരെയും പെൺകുട്ടിയുടെ കൂടെ പഠിച്ചിരുന്നവരേയും ഉൾപ്പടെ പതിമൂന്ന് പേരെ ചോദ്യം ചെയ്തു. ഫാത്തിമ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Exit mobile version