ശബരിമല യുവതീപ്രവേശനം; കേരളം കാത്തിരിക്കുന്ന നിര്‍ണായക വിധി ഇന്ന്, സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശം

ഇന്ന് രാവിലെ 10.30നാണ് വിധി പുറപ്പെടുവിക്കുന്നത്

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജികളിലുള്ള സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ഇന്ന് രാവിലെ 10.30നാണ് വിധി പുറപ്പെടുവിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് അനുവദിച്ചുകൊണ്ട് 28 സെപ്തംബര്‍ 2018ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.

ഇതിനെതിരെ സമര്‍പ്പിച്ച ഹിന്ദു സംഘടനകള്‍ സമര്‍പ്പിച്ച 65 റിവ്യൂ ഹര്‍ജികളിലാണ് സുപ്രിംകോടതി ഇന്ന് വിധി പ്രസ്താവിക്കുന്നത്. ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിപ്പിക്കുന്നത് ആചാരങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ശബരിമല മണ്ഡലക്കാലം അടുത്ത തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് കേരളം കാത്തിരിക്കുന്ന നിര്‍ണായക വിധി വരാന്‍ പോകുന്നത്.

ചീഫ് ജസ്റ്റിസ് പദവിയില് രഞ്ജന്‍ ഗൊഗോയ് 16 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് കേസുകളില്‍ ഉടന്‍ വിധി പുറപ്പെടുവിക്കുന്നത്. അതേസമയം, ശബരിമല വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അക്രമങ്ങളോ വ്യാജ പ്രചാരണങ്ങളോ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ശബരിമല വിധിയെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും വിദ്വേഷ പ്രചരണങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്. അതേസമയം വിധി അനുകൂലമാകുമെന്നാണ് ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികളുടെ പ്രതീക്ഷ.

Exit mobile version