മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ജീവനൊടുക്കിയതിൽ അധ്യാപകന് പങ്ക്; ഫോണിൽ തെളിവുകൾ; കണ്ടില്ലെന്ന് നടിച്ച് തമിഴ്‌നാട് പോലീസ്; പരാതിയുമായി കുടുംബം

കൊല്ലം: മദ്രാസ് ഐഐടിയിലെ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി പ്രിയദർശിനി നഗർ കിലോൻതറയിൽ ഫാത്തിമ ലത്തീഫി(18)ന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കു നിവേദനം നൽകി. ഫാത്തിമയുടെ മൊബൈൽ ഫോണിൽ, ‘അധ്യാപകനായ സുദർശൻ പത്മനാഭനാണു മരണത്തിന് ഉത്തരവാദിയെന്ന്’ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കൊല്ലം മേയർ വി രാജേന്ദ്രബാബുവും ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫും ഷൈൻ ദേവും ആരോപിക്കുന്നത്.

തമിഴ്‌നാട് പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് ഉൾപ്പെടെ പരാതി നൽകുമെന്നുമാണ് ബന്ധുക്കൾ പറയുന്നത്. കൃത്യമായ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.

മദ്രാസ് ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ കഴിഞ്ഞ ശനിയാഴ്ചയാണു കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനം മൂലമാണു പെൺകുട്ടി ജീവനൊടുക്കിയതെന്നാണു മാതാപിതാക്കളുടെ പരാതി.

ഫാത്തിമയുടെ മരണവിവരം അറിഞ്ഞു മേയർ ഉൾപ്പെടെയുള്ളവർ ചെന്നൈയിൽ എത്തിയിരുന്നെങ്കിലും ഹോസ്റ്റൽ വാർഡൻ ഒഴികെ അധ്യാപകരോ വിദ്യാർത്ഥികളോ ആശുപത്രിയിൽ എത്തിയില്ല. പോസ്റ്റ്‌മോർട്ടം, മടങ്ങി വരുന്നതിനുള്ള ടിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തത് കോളേജ് അധികൃതർ ചുമതലപ്പെടുത്തിയ ഏജൻസിയാണ്. സഹപാഠികളും അധ്യാപകരും പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. വിദ്യാർത്ഥികൾ അധ്യാപകരെ ഭയപ്പെട്ടാണ് സംസാരിച്ചതെന്നും ബന്ധുക്കളുടെ ആരോപണത്തിലുണ്ട്.

ഫാത്തിമയുടെ മൊബൈൽ ഫോൺ വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ആദ്യം പോലീസ് നൽകിയില്ല. പിന്നീടു മൊബൈൽ ഫോൺ വാങ്ങി നോക്കിയപ്പോഴാണു സുദർശൻ പത്മനാഭന് എതിരെയുള്ള പരാമർശം കണ്ടത്. ഫോൺ നശിപ്പിച്ചു തെളിവ് ഇല്ലാതാക്കുമോ എന്ന് ആശങ്കയും ബന്ധുക്കൾക്കുണ്ട്.

കുറ്റക്കാരായ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണു തമിഴ്‌നാട് പോലീസ് സ്വീകരിക്കുന്നതെന്നും മോശം പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്നും കുടുംബം ആരോപിക്കുന്നു. കേസിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നേരിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പടെയുള്ളവർക്ക് ഇമെയിൽ വഴിയും പരാതി നൽകിയിട്ടുണ്ട്. ഐഐടിയിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി വിജയിച്ച വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ ലത്തീഫ്.

Exit mobile version