പുതിയ സംവിധാനം ഒരുക്കി സര്‍ക്കാര്‍; മുഖ്യമന്ത്രിക്ക് ഇനി പരാതി ഓണ്‍ലൈന്‍ ആയി നല്‍കാം

www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഇനി പരാതികള്‍ ഓണ്‍ലൈനായി നല്‍കാന്‍ സാധിക്കും

തിരുവനന്തപുരം: നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമം. ഇനി മുതല്‍ ഓണ്‍ലൈനായി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും പരാതികള്‍ അയക്കാം. www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഇനി പരാതികള്‍ ഓണ്‍ലൈനായി നല്‍കാന്‍ സാധിക്കും. പന്ത്രണ്ടായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളെയാണ് ഈ ഓണ്‍ലൈന്‍ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതോടെ പരാതി പരിഹാരവും ഇനി വേഗത്തില്‍ നടക്കും. നിലവില്‍ ശരാശരി 898 ദിവസം വരെയാണ് പരാതി പരിഹാരത്തിനായി എടുക്കാറുള്ളത്. പുതിയ സംവിധാനം വരുന്നതോടെ പരാതികള്‍ ഇരുപത്തിയൊന്ന് ദിവസത്തിനകം തീര്‍പ്പാക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. അതേപോലെ തന്നെ ദുരിതാശ്വാസ സഹായത്തിനായി അപേക്ഷിച്ചാല്‍ 175 ദിവസം വരെ എടുത്താണ് ഫയലില്‍ തീര്‍പ്പുണ്ടാക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഇത് ഇരുപത്തിരണ്ട് ദിവസമായി കുറയുമെന്നും കരുതപ്പെടുന്നു.

ഓണ്‍ലൈനിലൂടെ പരാതി നല്‍കിയാല്‍ ഉടന്‍ പരാതിക്കാരന് അപേക്ഷാ നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ എസ്എംഎസായി ലഭിക്കുകയും ചെയ്യും. ഈ നമ്പര്‍ ഉപയോഗിച്ച് പിന്നീട് തുടര്‍വിവരങ്ങള്‍ അന്വേഷിക്കാനും സാധിക്കും.
പരാതിയില്‍ തീര്‍പ്പാകുന്നതുവരെ ഈ ഫയല്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉണ്ടായിരിക്കും. 0471 2517297 എന്ന നമ്പറിലും 0471 155300 എന്ന ടോള്‍ഫ്രീ നമ്പറിലും വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

Exit mobile version