മാധ്യമങ്ങളില്‍ പറയുന്നത് അദ്ദേഹം ഒരു ചൂടനാണെന്ന്, പക്ഷേ ഇത്രയ്ക്ക് സൗമ്യനായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല; മുഖ്യമന്ത്രിയെ വാഴ്ത്തി പ്രണവ്

ആലത്തൂര്‍ സ്വദേശിയാണ് പ്രണവ്. ജന്മനാ ഇരുകൈകളുമില്ല.

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ ഒന്നാണ് ഇരുകൈകളും ഇല്ലാത്ത പ്രണവിന്റെ നന്മ. തന്റെ രണ്ട് കൈകളും അച്ഛനും അമ്മയുമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയ പ്രണവ് തന്നാല്‍ കഴിയുന്ന തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുവാന്‍ കൂടി വേണ്ടിയാണ് എത്തിയത്.

പ്രണവിനെ ചേര്‍ത്ത് പിടിച്ചും കാലില്‍ കൈ കൊടുത്തും സെല്‍ഫി എടുത്തും നിന്ന മുഖ്യമന്ത്രിയുടെയും പെരുമാറ്റം ഏവരുടെയും മനസ് നിറയ്ക്കുന്നതായിരുന്നു. ജന്മദിനത്തിലാണ് പ്രണവ് തന്റെ കുഞ്ഞുസമ്പാദ്യം സംഭാവന ചെയ്യാന്‍ എത്തിയത്. ആലത്തൂര്‍ സ്വദേശിയാണ് പ്രണവ്. ജന്മനാ ഇരുകൈകളുമില്ല.

കുറവുകളെ മറികടന്ന് പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കഴിവുതെളിയിച്ച പ്രണവ് റിയാലിറ്റി ഷോകളിലൂടെ സ്വരൂപിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത്. പ്രണവിനൊപ്പം അച്ഛനും അമ്മയും ആലത്തൂര്‍ എംഎല്‍എ കെഡി പ്രസേനനും ഉണ്ടായിരുന്നു. അദ്ദേഹം ഒരു ചൂടനാണെന്നാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നത് പക്ഷേ വളരെ സൗമ്യമായിട്ടാണ് എന്നോട് സംസാരിച്ചതെന്ന് പ്രണവ് പറയുന്നു.

പ്രണവിന്റെ വാക്കുകള്‍ ഇങ്ങനെ;

ഇന്നെന്റെ ജന്മദിനമാണ് അത് വ്യത്യസ്തമായി ആഘോഷിക്കണമെന്നുണ്ടായിരുന്നു ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ശേഷം നാട്ടില്‍ ധാരാളം പ്രോഗാം ലഭിച്ചിരുന്നു. അങ്ങനെ കിട്ടിയ ചെറിയ തുകയാണിത്. വ്യത്യസ്തമായി തന്നെ ജന്മദിനം ആഘോഷിക്കണമെന്നുണ്ടായിരുന്നു അത് ഇങ്ങനെ ചെയ്യണമെന്ന് മനസ് പറഞ്ഞു അങ്ങനെയാണ് ഇത്തരത്തില്‍ പ്രളയബാധിതര്‍ക്ക് എന്നാല്‍ കഴിയുന്ന സഹായം നല്‍കാമെന്ന് വിചാരിച്ചത്. അദ്ദേഹം ഒരു ചൂടനാണെന്നാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നത് പക്ഷേ വളരെ സൗമ്യമായിട്ടാണ് എന്നോട് സംസാരിച്ചത്. ആര്‍ക്കൊപ്പവും അദ്ദേഹം ഇത്രയധികം നേരം ചിലവഴിക്കാറില്ലെന്ന് അവിടെത്തെ സ്റ്റാഫ് പറഞ്ഞു.

കൈകള്‍ ഇല്ലാത്തതിനാല്‍ കാലുകൊണ്ടൊരു ഷേക്ക്ഹാന്‍ഡ് ഞാന്‍ അദ്ദേഹത്തിന് നല്‍കി. കാലുകള്‍ കൊണ്ട് ഞാന്‍ സെല്‍ഫിയൊക്കെ എടുത്തിരുന്നു. ഇന്നെന്റെ ജന്മദിനമാണെന്ന് പറഞ്ഞപ്പോള്‍ ഒരായിരം ജന്മദിനാശംസകളെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ഞാന്‍ ചെക്ക് നല്‍കി. ഇത് വളരെ ചെറിയ തുകയാണെന്ന് പറഞ്ഞപ്പോള്‍ ”ഇത് തന്നെ വലിയ തുകയല്ലേ പ്രണവേ” എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ സര്‍ക്കാര്‍ ഭിന്നശേഷിക്കാരെ നൂറു ശതമാനം സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങിയാണ് ഞാന്‍ മടങ്ങിയത്. പുഞ്ചിരിയോടെയാണ് അദ്ദേഹം എന്നെ യാത്രയാക്കിയത്. വളരെയധികം സന്തോഷം തോന്നുന്നു. ഒരായിരം കേക്ക് മുറിച്ച് കഴിച്ച സന്തോഷമാണ് എനിക്ക് ഇന്നുണ്ടായത്.

Exit mobile version