രണ്ടു വയസുകാരി ഇഷാനിയെ കെട്ടിപ്പിടിച്ച് ഹൃദയം തകർന്ന് മുത്തശ്ശി; അരികിൽ ചലനമറ്റ് സൗമ്യയും രാഹുലും; കണ്ണീരിൽ മുങ്ങി ‘തിരുവോണം’ വീട്

നെയ്യാറ്റിൻകര: ‘ഈ പൊന്നുകുഞ്ഞിന് ഇനി ആരു പാലുകൊടുക്കുമെന്ന് ആരെങ്കിലും പറയൂ’ ഹൃദയം തകർന്നുള്ള നിലവിളി നെയ്യാറ്റിൻകര ഊരൂട്ടുകാല ‘തിരുവോണം’ വീട്ടിൽ നിന്ന് ഉയരുമ്പോൾ കൂടി നിന്നവർക്ക് കണ്ണീരടക്കാനായില്ല. അച്ഛനും അമ്മയും വിടവാങ്ങിയത് തിരിച്ചറിയാനുള്ള പ്രായമെത്താത്ത കുഞ്ഞ് ഇഷാനിയെ കൈയ്യിലെടുത്ത് മുത്തശ്ശിയായ സരസ്വതിയമ്മ വിലപിക്കുമ്പോൾ വിതുമ്പൽ ചുറ്റുമുയരുന്നുണ്ടായിരുന്നു. എന്നാൽ ചലനമറ്റ് കിടക്കുന്ന മാതാപിതാക്കളായ സൗമ്യയേയും രാഹുലിനേയും നോക്കി ഒന്നുമറിയാതെ ഇഷാനി ആൾക്കൂട്ടം കണ്ടു പകച്ചും പെട്ടിക്കുള്ളിൽ അച്ഛനുമമ്മയും കിടക്കുന്നതു നോക്കിയും അവളുടെ കളിചിരികൾ തുടരുകയായിരുന്നു. അച്ഛനും അമ്മയും എന്താണ് എഴുന്നേൽക്കാത്തത് എന്നുമാത്രമായിരുന്നു അവളുടെ സംശയം.

തിങ്കളാഴ്ച രാവിലെയോടെ മകളെ അവളുടെ മുത്തശ്ശിയെ ഏൽപ്പിച്ച് സന്തോഷത്തോടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ഇറങ്ങിയതായിരുന്നു യുവദമ്പതികളായ സൗമ്യയും രാഹുലും. എന്നാൽ റോഡപകടത്തിന്റെ രൂപത്തിൽ പാതിവഴിയിൽ വെച്ച് അവരെ മരണം തട്ടിയെടുത്തു. രണ്ട് വയസുള്ള മകൾ ഇഷാനിയെ ഒപ്പം കൂട്ടാതിരുന്നതിനാൽ അവൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. കമ്പാട്ടുകോണത്ത് ഇന്നലെ പതിനൊന്ന് മണിക്ക് കാറും കെഎസ്ആർടിസി വോൾവോ ബസും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് കുഞ്ഞ് ഇഷാനിയെ അനാഥയാക്കിയത്. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ ജനാർദനൻ നായരുടെ മകനായ ജെ രാഹുൽ (28) പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷൻ ഓവർസീയറാണ്. ഭാര്യ സൗമ്യ (24) അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓവർസീയറായി ജോലി ചെയ്ത് വരികയായിരുന്നു.

നെയ്യാറ്റിൻകരയിൽ നിന്നു മയ്യനാട്ടേക്കു കാറിൽ പോകുന്നതിനിടെ ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു അപകടം. രണ്ടു വയസ്സുള്ള മകൾ ഇഷാനി ആ സമയത്ത് രാഹുലിന്റെ അമ്മയുടെ പക്കലായിരുന്നു. കൊല്ലം ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസിലിടിച്ചാണ് അപകടമുണ്ടായത്. മുൻഭാഗം പൂർണ്ണമായും തകർന്ന കാറിൽ നിന്നു പുറത്തെടുത്തപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ആയൂർ ഇളമാട് തേവന്നൂർ സൗമ്യ നിവാസിൽ സരസ്വതി അമ്മയുടെയും പരേതനായ സുന്ദരൻ പിള്ളയുടെയും മകളാണ് സൗമ്യ. പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓവർസീയർ ആയിരുന്ന സൗമ്യയ്ക്കു മൂന്നു മാസം മുൻപാണ് അഞ്ചലിലേക്കു സ്ഥലം മാറ്റം കിട്ടിയത്. ഇരുവരുടെയും സംസ്‌കാരം ഇന്ന് 10ന് സൗമ്യയുടെ ആയൂരിലെ വീട്ടിൽ നടക്കും. എംഎൽഎമാരായ സികെ ഹരീന്ദ്രൻ, കെ ആൻസലൻ, എം വിൻസന്റ് നഗരസഭാധ്യക്ഷ ഡബ്ല്യുആർ ഹീബ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിആർ സലൂജ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങി ഒട്ടേറേപ്പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി.

Exit mobile version