സംസ്ഥാനത്ത് അണക്കെട്ടുകളില്‍ ഇനി മണല്‍ വാരാം; സര്‍ക്കാര്‍ അനുമതി

പ്രളയത്തെ തുടര്‍ന്ന് അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിനും വില്‍ക്കാനുമാണ് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് മണല്‍ വാരാന്‍ അനുമതി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിനും വില്‍ക്കാനുമാണ് അനുമതി. സ്വകാര്യമേഖലകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഏകദേശം പത്ത് കോടിയോളം വിലമതിക്കുന്ന മണലുകളാണ് വിവിധ അണക്കെട്ടുകളിലായി അടിഞ്ഞു കൂടിയിരിക്കുന്നത്.

അടുത്ത മാര്‍ച്ചിനു മുമ്പ് ഘട്ടം ഘട്ടമായി മണല്‍ശേഖരിച്ച് വില്‍ക്കാനാണ് ജലവിഭവ വകുപ്പിന്റെ ലക്ഷ്യം. ആദ്യഘട്ടമെന്ന നിലയില്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ 10 ലക്ഷം ഘനമീറ്റര്‍ മണല്‍ ശേഖരിച്ച് വില്‍പ്പന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് മണലിന്റെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും മണല്‍ക്ഷാമത്തിനും പരിഹാരമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സാങ്കേതിക ശേഷിയുള്ള സ്വകാര്യ വ്യക്തികള്‍ക്കും മണല്‍ ശേഖരിച്ച് വില്‍പന നടത്താമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. വ്യവസ്ഥകള്‍ക്കു വിധേയമായി 25 ലക്ഷം രൂപ കരാറുകാര്‍ കെട്ടിവയ്ക്കണം. ഉയര്‍ന്ന ടെന്‍ഡര്‍ അനുസരിച്ചാണ് പാസ് നല്‍കുക. ചൂഷണം തടയാന്‍ മണല്‍ വാരുന്നയിടങ്ങളില്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version