ഭക്ഷണമില്ലാതെ എല്ലുംതോലുമായ മിണ്ടാപ്രാണിക്ക് ബംഗളൂരുവിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കി ഈ നന്മ കൂട്ടം

നിലമ്പൂർ: വാർധക്യത്തിലെത്തിയതോടെ ഇനി ആവശ്യമില്ലെന്ന് കണ്ട് ചെരുപ്പടി മലയിൽ ഉപേക്ഷിക്കപ്പെട്ട വളർത്തുനായ ഭക്ഷണം കിട്ടാതെ എല്ലുംതോലുമായ നിലയിൽ. ഒടുവിൽ നായയെ കണ്ടെത്തിയ നന്മ നിറഞ്ഞ മനുഷ്യരുടെ ഒരു കൂട്ടം വളർത്തുനായയ്ക്ക് ബംഗളൂരുവിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കിയിരിക്കുകയാണ്. ദിവസങ്ങളായി ഭക്ഷണവും വെള്ളവും കിട്ടാതെ അവശനിലയിലായ വളർത്തുനായയെ എമർജൻസി റസ്‌ക്യൂ ഫോഴ്‌സ് പ്രവർത്തകരും ഹ്യൂമൻ ഇന്റർനാഷനൽ സൊസൈറ്റിയുടെ ഔട്ട് റീച്ച് കോഓർഡിനേറ്റർ സാലി വർമയും സംഘവുമാണ് ഏറ്റെടുത്ത് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്കു കൊണ്ടുപോയത്.

ഈ നായയോടൊപ്പം മറ്റൊരു നായയെ സമീപത്ത് കണ്ടെത്തിയെങ്കിലും ചത്തിരുന്നു. വാർധക്യവും രോഗവുംമൂലം ഉടമസ്ഥർ ഉപേക്ഷിച്ചതാകാമെന്നു കരുതുന്നെന്ന് ചികിത്സ ഏറ്റെടുത്തവർ പ്രതികരിച്ചു. നായയ്ക്ക് ചികിത്സ ആരംഭിച്ചതായും കണ്ണിനും മറ്റും കൂടുതൽ ചികിത്സ ആവശ്യമായതിനാൽ അനിമൽ റസ്‌ക്യൂ ടീം വിമാനത്തിൽ ഡൽഹിയിലേക്കു കൊണ്ടുപോകുമെന്നും പ്രവർത്തകർ അറിയിച്ചു.

മനേകാ ഗാന്ധിയുടെ അനിമൽ റസ്‌ക്യൂ ടീം ചികിത്സയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തതായും പ്രവർത്തകർ പറഞ്ഞു.

Exit mobile version