അനക്കം കണ്ടപ്പോള്‍ മീനെന്ന് കരുതി, നോക്കിയപ്പോള്‍ കുഞ്ഞിക്കൈയനക്കം; ബാലുവിന്റെയും സുനിലിന്റെയും ‘കരുതലില്‍’ രണ്ടേകാല്‍ വയസുകാരിക്ക് പുനര്‍ജന്മം

കാവുങ്കലില്‍ സ്ഥിരതാമസമാക്കിയ ആളാണ് ബാലുവും മുഹമ്മ ആര്യക്കര ഭഗവതിവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് എസ് സുനില്‍.

മുഹമ്മ: വെള്ളത്തില്‍ അനക്കം കണ്ട് മീനാണെന്ന് കരുതി ചൂണ്ടയിടാന്‍ തുനിഞ്ഞ ബാലുവും സുനിലും കണ്ടത് ഒരു കുഞ്ഞി കൈയനക്കം. മടിച്ചു നില്‍ക്കാതെ ചാടി കരയ്‌ക്കെത്തിച്ചപ്പോള്‍ പുനര്‍ജന്മം ലഭിച്ചത് രണ്ടേകാല്‍ വയസുകാരിക്ക്. ഇരുവരും സൈക്കിളില്‍ ചൂണ്ടയിടാന്‍ എത്തിയപ്പോഴാണ് മുങ്ങിത്താഴുന്ന കുരുന്നിനെ കണ്ടത്.

കാവുങ്കലില്‍ സ്ഥിരതാമസമാക്കിയ ആളാണ് ബാലുവും മുഹമ്മ ആര്യക്കര ഭഗവതിവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് എസ് സുനില്‍. ബാലുവിന്റെ അനന്തരവന്‍ കൂടിയാണ് സുനില്‍. ഇരുവരും ചൂണ്ടയിടാന്‍ വരുമ്പോഴായിരുന്നു സംഭവം. പിടയുന്ന കുഞ്ഞിനെ കണ്ടപ്പാടെ അതിര്‍ത്തിവേലി പൊളിച്ച് കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു അവര്‍. സമയോചിത ഇടപെടലിലാണ് കുരുന്ന് രക്ഷപ്പെട്ടത്. സഫിന ഫാത്തിമയെന്ന രണ്ടേകാല്‍ വയസുകാരിയാണ് കുളത്തില്‍ വീണത്.

മണ്ണഞ്ചേരി കാവുങ്കല്‍ രണ്ടാംവാര്‍ഡ് വടക്കേ തൈയില്‍ നിഷാദിന്റെയും ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ഓഫീസിലെ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സൗമിലയുടെയും മകളാണ് സഫിന ഫാത്തിമ. മൂന്ന് മക്കളുള്ള ദമ്പതിമാരുടെ ഇരട്ടകളില്‍ ഒരാളാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ സഹോദരങ്ങളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

Exit mobile version