ഭക്ഷണം ഒരു കപ്പ് കഞ്ഞി; ജോലി 200 ആടുകളെ മേയ്ക്കല്‍; അമ്മ 36,000 രൂപയ്ക്ക് ഭൂവുടമയ്ക്ക് വിറ്റ പത്തുവയസുകാരന് ഒടുവില്‍ ആടു ജീവിതത്തില്‍ നിന്ന് മോചനം

തഞ്ചാവൂര്‍: ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി കടം വാങ്ങിയ പണം തിരിച്ചടക്കാന്‍ സാധിക്കാത്തതിനാല്‍ പത്തുവയസുകാരനെ ഭൂവുടമയ്ക്ക് അടിമയായി നല്‍കി യുവതി. കഴിഞ്ഞ ജനുവരിയിലുണ്ടായ ഗജ ചുഴലിക്കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മരിച്ച ഭര്‍ത്താവിന്റെ അന്ത്യ കര്‍മ്മങ്ങള്‍ക്കായാണ് യുവതി 36,000 രൂപ ഭൂവുടമയില്‍ നിന്നും വാങ്ങിയത്. പണം തിരിച്ചടയ്യക്കാന്‍ സാധിക്കാതെ വന്നതോടെ പത്തുവയസുകാരനായ മകനെ അമ്മ ഭൂവുടമയ്ക്ക് അടിമയായി കൈമാറുകയായിരുന്നു. തഞ്ചാവൂരിലെ പുതുക്കോട്ട സ്വദേശിയാണ് കുട്ടി.

ഭൂവുടമയ്ക്ക് കീഴില്‍ കൊടിയ പീഡനത്തിനിരയായ കുട്ടിയെ ഒടുവില്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ രക്ഷപ്പെടുത്തി ചില്‍ഡ്രന്‍ ഹോമില്‍ എത്തിച്ചു. സര്‍ക്കാര്‍ കുട്ടിയുടെ പുനരധിവാസത്തിന് 2 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ഭൂവുടമയായ മഹാലിംഗത്തിന്റെ ആട് ഫാമില്‍ അടിമയാക്കപ്പെട്ട ഈ പത്തുവയസുകാരന്റെ ജീവിതം യഥാര്‍ത്ഥത്തില്‍ ആടുജീവിതം തന്നെയായിരുന്നു. അഞ്ചാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ട വന്ന കുട്ടിക്ക് 200 ആടുകളെയാണ് ദിവസവും പരിപാലിക്കേണ്ടത്. രാവിലെ കപ്പില്‍ നല്‍കുന്ന കഞ്ഞി മാത്രമായിരുന്നു ഒരു ദിവസത്തെ ഭക്ഷണം. ആടുകളോടൊപ്പമായിരുന്നു താമസം. വിശ്രമിക്കാനോ കിടക്കാനോ ഒരു മുറി പോലും കുട്ടിക്ക് അനുവദിച്ചിരുന്നില്ല.

റവന്യൂ അധികൃതര്‍ കേസെടുത്തതിനെ തുടര്‍ന്ന് മഹാലിംഗം ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version