സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗോള്‍ പോസ്റ്റ് വീണ് അപകടം: രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കളിയ്ക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കാലടി ഗവ.സ്‌കൂളില്‍ ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളായ കാലടി സ്വദേശി ആകാശ്(14), വണ്ടിത്തടം സ്വദേശി അരുണ്‍(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുവര്‍ക്കും തലയ്ക്കും തോളിനും പരിക്കുണ്ട്. പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനകള്‍ക്കായി എക്‌സറേ അടക്കമുള്ള പരിശോധനകള്‍ക്ക് പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ട് നാലോടെയാണ് സംഭവം. സ്റ്റേഡിയത്തില്‍ കളിക്കുന്നതിനായി ഗോള്‍ പോസ്റ്റ് ചുമലില്‍ എടുത്തു കൊണ്ടു പോകവെ വഴുതി ഇവരുടെ തലയിലൂടെ വീഴുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ നല്‍കിയിരിക്കുന്ന വിവരം. സ്റ്റേഡിയത്തില്‍ കളിക്കാനെത്തിയവരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

കഴിഞ്ഞമാസമാണ് പാലായിലെ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ ത്രോ തലയില്‍ വീണ് പരിക്കേറ്റ അഫീല്‍ ജോണ്‍സണ്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരണപ്പെട്ടത്. സംഭവം ഏറെ വിവാദമാവുകയും കായിക അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.

Exit mobile version