ഒരുവശത്തെ സംരക്ഷണഭിത്തി തകര്‍ന്നു; പെരിയവാരയിലെ താല്‍ക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു

പാലത്തിലൂടെ ഭാരം കയറ്റി വലിയ വാഹനങ്ങള്‍ കടന്നുപോയതാണ് സംരക്ഷണ ഭിത്തി തകരാന്‍ കാരണം

ഇടുക്കി: ഒരു വശത്തെ സംരക്ഷണഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് പെരിയവാരയിലെ താല്‍ക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. പാലത്തിലൂടെ ഭാരം കയറ്റി വലിയ വാഹനങ്ങള്‍ കടന്നുപോയതാണ് സംരക്ഷണ ഭിത്തി തകരാന്‍ കാരണം. കഴിഞ്ഞദിവസം രാവിലെ തന്നെ അധികൃതര്‍ വലിയവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വൈകുന്നേരത്തോടെ ആണ് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചത്.

ഒന്നരവര്‍ഷത്തിന് ഇടയില്‍ ഇത് നാലാം തവണയാണ് മൂന്നാര്‍-ഉടുമല്‍പ്പെട്ട അന്തര്‍സംസ്ഥാന പാതയിലെ പെരിയവാരയ്ക്ക് സമീപം നിര്‍മ്മിച്ച താല്‍ക്കാലിക പാലം തകരുന്നത്. സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സമയത്ത് പാലം തകര്‍ന്നത് വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

2018ല്‍ കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തിലാണ് ബ്രിട്ടീഷുകാര്‍ പണിത വര്‍ഷങ്ങള്‍ പഴക്കമുള്ള പാലത്തിന് കേടുപാടകള്‍ സംഭവിച്ചത്. ഒരുവശത്തെ പില്ലര്‍ പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് താല്‍ക്കാലിക പാലം പണിതത്. ആ പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത് കാരണം അന്തര്‍സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതംകൂടി നിലച്ചതോടെ ചരക്ക് ഗതാതതവും നിലച്ചിരിക്കുകയാണ്. ഇതോടെ വ്യാപാര മേഖലയും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.

Exit mobile version