ബസില്‍ മറന്നുവെച്ച 36000രൂപ അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ച് നല്‍കി; മാതൃകയായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

യാത്രക്കാരന്‍ ബസില്‍ മറന്നുവെച്ച 36000രൂപ അടക്കമുള്ള ബാഗ് തിരികെ നല്‍കി കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ മാതൃകയായി.

നെടുമങ്ങാട്: യാത്രക്കാരന്‍ ബസില്‍ മറന്നുവെച്ച 36000രൂപ അടക്കമുള്ള ബാഗ് തിരികെ നല്‍കി കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ മാതൃകയായി. നെടുമങ്ങാട് ഡിപ്പോയിലെ കണ്ടക്ടര്‍ എംഅനീഷ്, ഡ്രൈവര്‍ എച്ച് അനില്‍കുമാര്‍ എന്നിവരാണ് ബസില്‍ നിന്നും കിട്ടിയപണം യാത്രക്കാരന് തിരികെ നല്‍കിയത്.

വിതുര സ്വദേശി എസ് അബ്ദുള്‍ജലീലിന്റെ പണം അടങ്ങിയ ബാഗാണ് ജീവനക്കാര്‍ തിരികെ നല്‍കിയത്. കെഎസ്ഇബിയില്‍ നിന്നും അസിസ്റ്റന്റ് എന്‍ജിനീയറായി വിരമിച്ച അബ്ദുള്‍ജലീല്‍ പെന്‍ഷന്‍വാങ്ങിയ പണവുമായി ബസില്‍ യാത്ര ചെയ്യുകയായിരുന്നു.

പിന്നീട് യാത്ര അവസാനിച്ച സമയത്താണ് ബസിനുള്ളില്‍ കിടന്ന ബാഗ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ ബാഗ് നെടുമങ്ങാട് ഡിപ്പോയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. നെടുമങ്ങാട് ഡിടിഒ സുരേഷ്‌കുമാര്‍ പണമടങ്ങിയ ബാഗ് അബ്ദുല്‍ജലീലിന് കൈമാറി. കണ്ടക്ടര്‍ അനീഷിനേയും, ഡ്രൈവര്‍ അനില്‍കുമാറിനേയും ജീവനക്കാര്‍ അഭിനന്ദിച്ചു.

Exit mobile version