കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റിന്റെ ബാക്കി പൈസ നല്‍കിയില്ല; വിദ്യാര്‍ഥിനി നടന്നത് 12 കിലോമീറ്റര്‍, പരാതി

ആട്ടുകാല്‍ സ്വദേശിയായ അഖിലേഷിന്റെ മകള്‍ അനശ്വരയാണ് 12 കിലോമീറ്റര്‍ നടന്ന്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ടിക്കറ്റിന്റെ ബാക്കി പൈസ കിട്ടാഞ്ഞതിനെ തുടര്‍ന്നു കൈയ്യില്‍ പണമില്ലാതെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിലേക്കു നടന്നത് 12 കിലോമീറ്റര്‍. ആട്ടുകാല്‍ സ്വദേശിയായ അഖിലേഷിന്റെ മകള്‍ അനശ്വരയാണ് 12 കിലോമീറ്റര്‍ നടന്ന്. നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനശ്വര.സംഭവത്തില്‍ പരാതിയുമായി വിദ്യാര്‍ത്ഥിയുടെ കുടുംബം രംഗത്തെത്തി. 18 രൂപ ടിക്കറ്റിന് 100 രൂപ നല്‍കിയ കുട്ടിയോട് ചില്ലറയില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ ദേഷ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. ബുധനാഴ്ചയായിരുന്നു സംഭവം.

രാവിലെ ട്യൂഷന്‍ ഉള്ളതുകൊണ്ട് സ്‌കൂള്‍ ബസ് ഒഴിവാക്കി കെഎസ്ആര്‍ടിസി ബസിലാണ് അനശ്വര പോയത്. ഏരുമല നെടുമങ്ങാട് ബസില്‍ രാവിലെ 6.40ന് ആട്ടുകാലില്‍ നിന്നാണ് ബസ് കയറിയത്. ടിക്കറ്റെടുക്കാന്‍ 100 രൂപ നല്‍കിയപ്പോള്‍ ചില്ലറ ഇല്ലെന്നും എവിടെയങ്കിലും ഇറങ്ങി ചില്ലറ വാങ്ങാനും കണ്ടക്ടര്‍ പറയുകയായിരുന്നെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.ബസില്‍ നിന്ന് ഇറങ്ങാന്‍ നേരം കുട്ടി ബാക്കി പൈസ്‌ക്ക് ചോദിച്ചെങ്കിലും കണ്ടക്ടര്‍ ബാക്കി പൈസ നല്‍കിയില്ല. ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ബാലന്‍സ് ചോദിച്ചപ്പോള്‍ ചില്ലറയില്ല എന്നു പറഞ്ഞു കണ്ടക്ടര്‍ ദേഷ്യപ്പെട്ടു.

പിന്നീട് കൈയ്യില്‍ പണം ഇല്ലാത്തതിനാല്‍ കുട്ടി 12 കിലോമീറ്റര്‍ നടന്നുവന്നെന്നും കുട്ടിയെ കണ്ട്ക്ടര്‍ പരിഹസിച്ചെന്നുമാണ് കുടുംബത്തിന്റെ പരാതി. വിഷയം വിവാദമായതോടെ ബാക്കി തുക കണ്ടക്ടര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അടച്ചു. പരാതിയെ തുടര്‍ന്ന് കുട്ടിയെയും കണ്ടക്ടറേയും പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. കണ്ടക്ടര്‍ പരാതിക്കാരോടു മാപ്പു പറഞ്ഞതിന് ശേഷമാണ് കുട്ടിയുടെ മാതാപിതാക്കള്‍ കേസ് പിന്‍വലിച്ചത്.

Exit mobile version