അയോധ്യ വിധിക്ക് പിന്നാലെ റോഡില്‍ പടക്കം പൊട്ടിച്ച തൃശ്ശൂര്‍ സ്വദേശി പിടിയില്‍

തൃശ്ശൂര്‍; അയോധ്യ വിധിക്ക് പിന്നാലെ റോഡില്‍ പടക്കം പൊട്ടിച്ച തൃശ്ശൂര്‍ സ്വദേശി പോലീസ് പിടിയില്‍. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ ബൈക്കിലെത്തിയവരാണ് റോഡില്‍ പടക്കം പൊട്ടിച്ചത്. രണ്ട് പേര്‍ ചേര്‍ന്നാണ് പടക്കം പൊട്ടിച്ചത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

അയോധ്യ വിധി പ്രസ്താവനക്ക് ശേഷം ഉച്ചയോടെയായിരുന്നു സംഭവം. പടിഞ്ഞാറെ വെമ്പല്ലൂര്‍ കോളനിപ്പടിയില്‍ ബൈക്കിലെത്തിയാണ് രണ്ട് പേര്‍ പടക്കം പൊട്ടിച്ചത്. ഇവരില്‍ ഒരാളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.

അയോധ്യ കേസ് എന്നത് ഏറ്റവും ചര്‍ച്ചയായതും വിവാദങ്ങള്‍ക്ക് വഴിവെച്ചതുമായ വിഷയമായതിനാല്‍ കേസില്‍ അന്തിമ വിധി വരുന്നതിന് മുമ്പ് തന്നെ കോടതി ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് ലംഘിച്ച് കൊണ്ടായിരുന്നു യുവാവിന്റെ ആഹ്ലാദ പ്രകടനം.

നേരത്തെയും അയോധ്യ വിധിയുമായി ബന്ധപ്പെട്ട് ഒരാള്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്ന് രാവിലെ 10.30 ന് ശേഷമായിരുന്നു അയോധ്യ വിധി പ്രസ്താവന. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് അയോധ്യകേസില്‍ വിധി പുറപ്പെടുവിച്ചത്. അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയണമെന്നാണ് കോടതി ഉത്തരവ്. പകരം മുസ്ലിങ്ങള്‍ക്ക് അയോധ്യയില്‍ തന്നെ അവര്‍ പറയുന്ന സ്ഥലത്ത് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും വിധിയിലുണ്ട്.

Exit mobile version