തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നേതാക്കള്‍ കെട്ടിപ്പിടിച്ച് ഇരുന്നിട്ട് കാര്യമില്ല, ഐക്യമുണ്ടാകണം; സംസ്ഥാന ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച് തുഷാര്‍ വെള്ളാപ്പള്ളി

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലടക്കമാണ് ബിജെപി നേതൃത്വത്തെ അതിരൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

മലപ്പുറം: സംസ്ഥാന ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലടക്കമാണ് ബിജെപി നേതൃത്വത്തെ അതിരൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎയില്‍ ഐക്യമുണ്ടായില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പ്രധാനമായും ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാ നേതാക്കളും കെട്ടിപ്പിടിച്ച് ഇരുന്നിട്ട് കാര്യം ഇല്ലെന്നും തുഷാര്‍ തുറന്നടിച്ചു. അരൂരില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

മറ്റ് നാല് മണ്ഡലങ്ങളിലും ഇതുതന്നെ ആയിരുന്നു അവസ്ഥയെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി ബിഡിജെഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ താഴെ തട്ട് മുതല്‍ ഐക്യം ഉണ്ടാകണം. ഒറ്റയ്ക്ക് നിന്ന് സംസ്ഥാനത്ത് ബിജെപിക്ക് ഒന്നും ചെയ്യാനാകില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Exit mobile version