അയോധ്യ വിധി: കോഴിക്കോട് ജില്ലയിൽ സുരക്ഷ വർധിപ്പിച്ചു; പോലീസുകാരുടെ അവധി ഒഴിവാക്കി

കോഴിക്കോട്: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധി പറയാനിരിക്കെ കോഴിക്കോട് ജില്ലയിൽ സുരക്ഷ വർധിപ്പിച്ചു. കനത്ത സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരുടെ അവധി ഒഴിവാക്കി. അവധിയിൽ പ്രവേശിച്ചിട്ടുള്ള മുഴുവൻ പോലീസുകാരോടും പോലീസുകാരുടെ അവധി ഒഴിവാക്കി വരുന്ന രണ്ട് ദിവസം ജോലിയിൽ ഹാജരാകുവാൻ സിറ്റി പോലീസ് കമ്മിഷണർ നിർദേശിച്ചു.

വിധി പുറത്തുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രത്യേക സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധന ശക്തമാകും. പ്രകടനവും പ്രതിഷേധവും അനുവദിക്കില്ല. നിയമം ലംഘിച്ചാൽ അറസ്റ്റ് ഉണ്ടാവും. സംഘർഷ സാധ്യതയുള്ള മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിക്കും.

കാസർകോടും പോലീസ് കനത്ത നിരീക്ഷണം തുടരുകയാണ്. പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ച് പോലീസ് സ്‌റ്റേഷനുകൾക്ക് കീഴിലാണ് നിരോധനാജ്ഞ.

അതേസമയം, അയോധ്യാ കേസിലെ വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തിൽ മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് അറിയിച്ചിട്ടുണ്ട്.

ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനുള്ള നിർദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നൽകിയതായി അധികൃതർ അറിയിച്ചു.

Exit mobile version