അയോധ്യ വിധി എന്തുതന്നെ ആയാലും സമാധാനവും ഐക്യവും ഉയർത്തിപ്പിടിക്കണം; ആഹ്വാനം ചെയ്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

ന്യൂഡൽഹി: ഇന്ന് 27 വർഷം നീണ്ട അയോധ്യ തർക്കഭൂമി വിഷയത്തിലെ അയോധ്യ സുപ്രീംകോടതി വിധി വരാനിരിക്കെ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി പിണറായി വിജയനും. അയോധ്യ സംബന്ധിച്ച് സുപ്രീംകോടതിയുടെ ഏത് തീരുമാനം വന്നാലും അത് ആരുടെയും വിജയമോ പരാജയമോ ആകില്ലെന്ന് പ്രധാനമന്ത്രി ജനങ്ങളെ അറിയിച്ചു. സുപ്രീംകോടതിയുടെ ഈ തീരുമാനം ഇന്ത്യയുടെ സമാധാനം, ഐക്യം, സൗഹാർദ്ദം എന്നിവയുടെ മഹത്തായ പാരമ്പര്യത്തെ കൂടുതൽ ശക്തിപ്പെടുത്തണമെന്നത് നമ്മുടെ എല്ലാവരുടെയും മുൻഗണനയായിരിക്കണമെന്നും പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു.

വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് നാം എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭ്യർത്ഥിച്ചു. ബാബ്‌റി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണം. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം. വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്.

ഉയർന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

സമാധാനവും ഐക്യവും നിലനിർത്തണമെന്ന് വിവിധ മതസംഘടനാ നേതാക്കളും അഭ്യാർത്ഥിച്ചു. ശനിയാഴ്ച രാവിലെ 10.30നാണ് സുപ്രീംകോടതി വിധി പ്രസ്താവിക്കുക.

Exit mobile version