അറസ്റ്റിലായ പ്രതിഷേധക്കാരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും; വൈദ്യപരിശോധന പൂര്‍ത്തിയായി

ഞായറാഴ്ച അര്‍ധരാത്രി സന്നിധാനത്ത് പ്രതിഷേധ സമരം നടത്തിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തവരെ ഇന്ന് മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കും.

ശബരിമല: ഞായറാഴ്ച അര്‍ധരാത്രി സന്നിധാനത്ത് പ്രതിഷേധ സമരം നടത്തിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തവരെ ഇന്ന് മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കും. അറസ്റ്റിലായ 70 പേരും മണിയാര്‍ ക്യാമ്പിലാണുള്ളത്. ഇവരെ ഇന്ന് ഉച്ചയോടെ തിരുവല്ല മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. റാന്നി മജിസ്‌ട്രേറ്റ് അവധിയിലായതിനാലാണ് തിരുവല്ല മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുന്നത്.

ഇവരുടെ വൈദ്യപരിശോധന പൂര്‍ത്തിയായി വരികയാണ്. അതേ സമയം ക്യാമ്പിന് പുറത്ത് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധം തുടരുകയാണ്. അറസ്റ്റിലായവരെ വിട്ടയക്കുന്നതു വരെ സമരം തുടരാനാണ് തീരുമാനം.

നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയതിന് 150 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ 70 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

സമാധാനപരമായി തൊഴുത് ഭക്തര്‍ കടന്നു പോകുന്ന സാഹചര്യത്തിലാണ് നടയടക്കുന്നതിന് തൊട്ട് മുമ്പ് ഉച്ചത്തില്‍ മുദ്രാവാക്യം വിളിയുമായി സന്നിധാനത്തേക്ക് ചിലരെത്തിയത്.

ആദ്യം അമ്പതോളം പേരായിരുന്നു കുത്തിയിരുന്ന് ശരണം വിളിച്ചെത്തിയത്. പിന്നീട് ആളുകള്‍ കൂടിക്കൂടി വരികയായിരുന്നു. സമാധാനപരമായി നാമജപം നടത്തുകയാണെന്ന് പറഞ്ഞ് കൊണ്ടായിരന്നു പ്രതിഷേധക്കാരെത്തിയത്. ആര്‍എസ്എസ് പെരുമ്പാവൂര്‍ കാര്യവാഹക് രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.

Exit mobile version