കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ സംസ്‌കാരം തടയണം; ഹര്‍ജിയുമായി ബന്ധുക്കള്‍ ഹൈക്കോടതിയില്‍

നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

കൊച്ചി: അട്ടപ്പാടിയിലെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ സംസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊല്ലപ്പെട്ട കാര്‍ത്തിയുടെ സഹോദരനും മണിവാസകത്തിന്റെ സഹോദരിയുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സംസ്‌കാരം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവ് നിയമപരമല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഏറ്റുമുട്ടല്‍ പ്രത്യേകസംഘം അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് കോടതി ഇന്നലെ പോലീസിന് അനുമതി നല്‍കിയിരുന്നു. സംസ്‌കരിക്കല്‍ നടപടികളുമായി പോലീസിന് മുന്നോട്ടു പോകാമെന്ന് പാലക്കാട് ജില്ലാ കോടതിയാണ് ഉത്തരവിട്ടത്. ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചാണ് അനുമതി നല്‍കിയത്. എപ്പോള്‍ വേണമെങ്കിലും സംസ്‌കരിക്കാം. സുപ്രീംകോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പോലീസ് പാലിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു.

ഈ വിധിക്കെതിരെയാണ് മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. മരിച്ചവരില്‍ മണിവാസകത്തെ മാത്രമാണു തിരിച്ചറിഞ്ഞത്. ബാക്കി മൂന്ന് പേരെ തിരിച്ചറിയാനയിട്ടില്ല. ഇപ്പോഴുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ പേരുകള്‍ സ്ഥിരീകരിച്ചാല്‍, പിന്നീട് അവരല്ല കൊല്ലപ്പെട്ടത് എന്നു തെളിഞ്ഞാല്‍ പോലീസ് പ്രതിക്കൂട്ടിലാകും.

മരിച്ചവരെന്നു പോലീസ് കരുതുന്ന കാര്‍ത്തി, രമ, അരവിന്ദ് എന്നിവര്‍ക്കും മണിവാസകത്തിനുമെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസുകളുണ്ട്. കാര്‍ത്തി കൊലക്കേസില്‍ പ്രതിയാണെന്നു പോലീസ് പറയുന്നു. ആളുമാറി സംസ്‌കരിക്കുന്നത് ഈ കേസുകളെയൊക്കെ ബാധിക്കുമെന്നതിനാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. മരിച്ചവരെ തിരിച്ചറിയുന്നതിനായി ഇവരുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ വഴി ദേശവ്യാപകമായി പ്രചരിപ്പിക്കാന്‍ നടപടി തുടങ്ങി. പൊതു ഇടങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രദര്‍ശിപ്പിക്കും.

Exit mobile version