കാട്ടാനയുടെ ആക്രമണം, അട്ടപ്പാടിയില്‍ വയോധികന് ദാരുണാന്ത്യം

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലാണ് സംഭവം. തമിഴ്നാട് ചിന്നതാടം സ്വദേശി രാജപ്പനാണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു.

പുളിയപ്പതിയില്‍ രാത്രി ഒന്നര മണിയോടെയാണ് സംഭവം. മകളുടെ വീട്ടില്‍ എത്തിയതാണ് രാജപ്പന്‍. പ്രാഥമികാവശ്യത്തിനായി പുറത്തിറങ്ങിയ സമയത്ത് രാജപ്പനെ വീടിനോട് ചേര്‍ന്ന് നിലയുറപ്പിച്ചിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു.

also read: വാതില്‍ പൂട്ടി താക്കോല്‍ പുറത്ത് ഒളിപ്പിച്ചു വീട്ടുകാര്‍, താക്കോല്‍ കൈക്കലാക്കി വീട് തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന് കള്ളന്‍!

സംഭവം ആദ്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് രാജപ്പന്റെ കരച്ചില്‍ കേട്ട് ബന്ധുക്കള്‍ ഓടിയെത്തുകയായിരുന്നു. ഇവര്‍ കാട്ടാനയെ ഓടിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ആന അവിടെ നിന്ന് പോകാന്‍ കൂട്ടാക്കിയില്ല.

തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് കാട്ടാനയെ തുരത്തിയത്. രാജപ്പനെ അഗളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Exit mobile version