അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തം; പേര് ഉപേക്ഷിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്

അതേസമയം പാല്‍പ്പായസത്തിന്റെ പേര് ഉപേക്ഷിക്കില്ലെന്നും അത്തരം പ്രചരണം അടിസ്ഥാനരഹിതമാണെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞത്

ആലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴ പാല്‍പ്പായസം ഇനിമുതല്‍ ഗോപാല കഷായം എന്നറിയപ്പെടുമെന്നും മുമ്പ് അമ്പലപ്പുഴ പാല്‍പ്പായസം ആചാരപരമായി അറിയപ്പെട്ടത് ഗോപാലകഷായം എന്നാണെന്നും ഈ ലേബലിലായിരിക്കും ഇനി പ്രസാദം വിതരണം ചെയ്യുക എന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറഞ്ഞത്. ഇതിനെതിരെ ക്ഷേത്രഭരണസമിതിയും ചരിത്രകാരന്മാരും രംഗത്തെത്തിയിരുന്നു.

അതേസമയം പാല്‍പ്പായസത്തിന്റെ പേര് ഉപേക്ഷിക്കില്ലെന്നും അത്തരം പ്രചരണം അടിസ്ഥാനരഹിതമാണെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞത്. അമ്പലപ്പുഴ പാല്‍പ്പായസം ക്ഷേത്രത്തിന് പുറത്ത് കടകളിലും മറ്റും തയ്യാറാക്കി വില്‍ക്കുന്നത് ദേവസ്വം ബോര്‍ഡ് പിടികൂടിയിരുന്നു. ഇത് ഒഴിവാക്കാന്‍ വേണ്ടി പായസത്തിന് പേറ്റന്റ് നേടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. അമ്പലപ്പുഴ പാല്‍പ്പായസം, ഗോപാല കഷായം എന്നീ പേരുകളില്‍ പേറ്റന്റ് നേടാനാണ് ശ്രമം. ചരിത്ര രേഖകളില്‍ അമ്പലപ്പുഴ പാല്‍പ്പായസത്തെ ഗോപാല കഷായം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡും പറഞ്ഞു.

എന്നാല്‍ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരിനൊപ്പം മറ്റൊരു പേരും ചേര്‍ക്കേണ്ട എന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ക്ഷേത്രഭരണസമിതി. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്കും ഓംബുഡ്മാനും ഭരണസമിതി പരാതിയും നല്‍കിയിട്ടുണ്ട്.

Exit mobile version