ഹാമർ വീണ് അഫീൽ ജോൺസണിന്റെ മരണം; മൂന്ന് കായിക അധ്യാപകർ അറസ്റ്റിൽ

കോട്ടയം: പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ വൊളന്റിയരായിരുന്ന അഫീൽ ജോൺസൺ എന്ന വിദ്യാർത്ഥി തലയിൽ ഹാമർ വീണ് മരിച്ച സംഭവത്തിൽ കായികാധ്യാപകർ അറസ്റ്റിൽ. മീറ്റ് സംഘാടകരായ മൂന്ന് കായികാധ്യാപകരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. റഫറി മുഹമ്മദ് കാസിം, ത്രോ ജഡ്ജ് ടിഡി മാർട്ടിൻ, സിഗ്നൽ ചുമതലയുണ്ടായിരുന്ന ഒഫീഷ്യൽ കെവി ജോസഫ് എന്നിവർ പാലാ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ, പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള നാരായണൻകുട്ടി എന്നയാൾ കൂടി ഇനി അറസ്റ്റിലാകാനുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നാലുപേരെയും പ്രതിചേർത്ത് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് മൂന്നുപേർ കീഴടങ്ങിയത്

പാലാ സെയിന്റ് തോമസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു അഫീൽ. പാലാ സിന്തറ്റിക് ട്രാക്കിൽ നടന്ന മത്സരത്തിനിടെയാണ് വൊളണ്ടിയറായ അഫീലിന് ഹാമർ തലയിൽ വീണ് പരിക്കേറ്റത്. ജാവലിൻ മത്സരത്തിന്റെ സഹായിയായി നിൽക്കുകയായിരുന്നു അഫീൽ.

Exit mobile version