രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഡ്യൂട്ടി! കിട്ടുന്ന ഇത്തിരി നേരം ഹെല്‍മെറ്റ് തലയിണയാക്കി, ഷീല്‍ഡ് കിടക്കയുമാക്കി നടുറോഡില്‍ ഉറക്കം; പോലീസിന്റെ കഷ്ടത ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

സമാധാനത്തിനുവേണ്ടി പോരാടുന്ന യഥാര്‍ത്ഥ ഹീറോകളാണ് ഈ പോലീസുകാരെന്നാണ് ജേക്കബ് പുന്നൂസ് വിശേഷിപ്പിക്കുന്നത്.

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതോടെ നാല് പാടും വിമര്‍ശനങ്ങളും സംഘര്‍ഷ സാധ്യതയുമാണ് ചര്‍ച്ചാ വിഷയമാകുന്നത്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്ന വിഭാഗവുമായി മാറുകയാണ് കേരളാ പോലീസ് സേന. പക്ഷേ ആ വിഭാഗം ശബരിമലയില്‍ അനുഭവിക്കുന്ന ദുരിതവും കഷ്ടപ്പാടും പലരും കാണുന്നില്ല എന്നതാണ് വാസ്തവം. സംഘര്‍ഷം അയവുവരുത്തി ഭക്തര്‍ക്ക് സുഗമമായി തൊഴാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിലാണ് പോലീസ് പഴിക്കേള്‍ക്കുന്നത്.

കലാപ സൃഷ്ടിക്കായി എത്തുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതാണ് അതില്‍ ഏറെ വിവാദത്തില്‍ കലാശിക്കുന്നത്. ഭക്തരെ എന്തിന് അറസ്റ്റ് ചെയ്യുന്നു എന്ന വാദമാണ് പോലീസിനെതിരെ ചോദ്യം ഉയരുന്നത്. ഇത്തരത്തിലുള്ള അറസ്റ്റ് ശബരിമലയെ ശാന്തമാക്കുന്നുവെന്ന് പലഭാഗത്തു നിന്നും പിന്തുണകള്‍ ഉയരുന്നുണ്ടെങ്കിലും പോലീസിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഈ സാഹര്യത്തിലാണ് ശബരിമലയിലെ റോഡില്‍ അന്തിയുറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്.

രാത്രിയെന്നോ പകലെന്നോയില്ലാതെ പത്തനംതിട്ട മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ ഡ്യൂട്ടിയിലാണ് അവര്‍. ഇതിനിടയില്‍ അല്‍പ്പനേരം തലചായ്ക്കാന്‍ പോലും സമയം കിട്ടാറില്ല എന്നതാണ് വാസ്തവം. മുന്‍ ഡിജിപി ജേക്കബ് പുന്നൂസാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെ ചിത്രം ഷെയര്‍ ചെയ്ത് പിന്തുണ അറിയിക്കുന്നുണ്ട്. ഹെല്‍മെറ്റ് തലയിണയായും റയട്ട് ഷീല്‍ഡ് കിടക്കയുമാക്കിയാണ് പൊലീസുകാരുടെ ഉറക്കം. കഴിഞ്ഞദിവസം രാത്രി പത്തനംതിട്ടയിലെ ചിറ്റാര്‍ പോലീസ് സ്റ്റേഷന് മുന്നിലാണ് പോലീസ് ഉറങ്ങുന്നത്.

സമാധാനത്തിനുവേണ്ടി പോരാടുന്ന യഥാര്‍ത്ഥ ഹീറോകളാണ് ഈ പോലീസുകാരെന്നാണ് ജേക്കബ് പുന്നൂസ് വിശേഷിപ്പിക്കുന്നത്. ഇവരുടെ അധ്വാനം വെറുതെയാകില്ലെന്നും സമാധാനം നല്ല ചിന്തയും പുലരുന്ന സമയം വരുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. സേനയിലെ ചെറിയൊരു വിഭാഗം ചെയ്യുന്ന തെറ്റിന് പഴി കേള്‍ക്കുന്നത് പൊലീസ് ഒന്നാകെയാണ്. എന്നാല്‍ ഇപ്പോള്‍ നമ്മളെല്ലാം വീട്ടില്‍ സുഖമായി ഉറങ്ങുമ്പോള്‍ ക്ഷീണം മാറ്റാനായി നടുറോഡില്‍ കിടന്ന് ഉറങ്ങുന്ന ഈ പോലീസുകാരെ സല്യൂട്ട് ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ജേക്കബ് പുന്നൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Exit mobile version