ഭരണകൂട ഭീകരതയാണ് കേരളത്തില്‍ നടക്കുന്നത്; പോലീസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി രാജിവയ്ക്കണം; രമേശ് ചെന്നിത്തല

നോട്ടീസ് വിതരണം ചെയ്താല്‍ യുഎപിഎ ചുമത്തുന്നത് എവിടുത്തെ നടപടിയാണ്.

കൊച്ചി: ഭരണകൂട ഭീകരതയാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിന്റെ അഴിഞ്ഞാട്ടമാണ് ഇവിടെ നടക്കുന്നത്. പോലീസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നോട്ടീസ് വിതരണം ചെയ്താല്‍ യുഎപിഎ ചുമത്തുന്നത് എവിടുത്തെ നടപടിയാണ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോള്‍ ഏഴ് മാവോയിസ്റ്റുകളെയാണ് വെടിവെച്ചു കൊന്നത്. സത്യം പുറത്തുകൊണ്ടുവരാന്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അട്ടപ്പാടി വെടിവെയ്പ്പും വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെയും വിമര്‍ശിക്കുകയായിരുന്നു ചെന്നിത്തല. അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയതിന് എതിരെ വിമര്‍ശനം ഉയരവേയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ യുഎപിഎ ചുമത്തിയത്.

കോഴിക്കോട് പന്തീരാങ്കാവില്‍ അലന്‍ ഷുഹൈബ് താഹ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇവരില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇരുവരുടേയും നീക്കങ്ങള്‍ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു.

Exit mobile version