കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസിന് 34 ലക്ഷം; 2019-20ലെ ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് മന്ത്രി കെടി ജലീല്‍

തേഞ്ഞിപ്പലം: കേരള മദ്രസാധ്യാപക ക്ഷേമനിധി 2019-20 സാമ്പത്തിക വര്‍ഷം നല്‍കുന്ന ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് വഖഫ്കാര്യ മന്ത്രി ഡോ. കെടി ജലീല്‍ നിര്‍വ്വഹിച്ചു.

ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി അബ്ദുള്‍ ഹമീദ് എംഎല്‍ എ അധ്യക്ഷത വഹിച്ചു. കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിക്ക് പുതിയ ഓഫീസ് സജ്ജമാക്കുന്നതിന് സര്‍ക്കാര്‍ 34 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു.

കോഴിക്കോട് ചക്കോരത്ത് കുളമുള്ള കെയുആര്‍ഡിഎഫ്‌സിയുടെ അധീനതയിലുള്ള കെട്ടിടത്തിലാണ് ഓഫീസ് ഒരുക്കുക. കേരള സിഡ്കോയുടെ മേല്‍നോട്ടത്തില്‍ എത്രയും വേഗം പ്രവൃത്തി പൂര്‍ത്തിയാക്കും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരുന്നു. കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എപി. അബ്ദുള്‍ വഹാബ് മുഖ്യപ്രഭാഷണം നടത്തി. തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫിയ തോട്ടത്തില്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ ബി മൊയ്തീന്‍ കുട്ടി, തേഞ്ഞിപ്പലം പഞ്ചായത്തംഗം കെ ഷിജു, ഉമര്‍ ഫൈസി മുക്കം, ഹാജി പികെ മുഹമ്മദ്, സിദ്ദീഖ് മൗലവി അയിലക്കാട്, പാങ്ങോട് എ കമറുദ്ദീന്‍ മൗലവി, പിസി സഫിയ ടീച്ചര്‍ പാലത്ത്, ഒപിഐ കോയ, ഒഒ ശംസു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എംപി അബ്ദുള്‍ ഗഫൂര്‍ സ്വാഗതവും ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പിഎം ഹമീദ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ 212 അംഗങ്ങള്‍ക്ക് വിവാഹ ധനസഹായവും 69 വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡും 34 അംഗങ്ങള്‍ക്ക് ചികിത്സാ ധനസഹായവും വിതരണം ചെയ്തു.

Exit mobile version