മലദ്വാരത്തില്‍ ഒളിപ്പിച്ച് 70 ലക്ഷത്തിന്റെ സ്വര്‍ണം കടത്താന്‍ ശ്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍ കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷത്തിന്റെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ സലൂപ് ഖാന്‍, മുസമ്മില്‍ എന്നിവരാണ് പിടിയിലായത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ശനിയാഴ്ച പുലര്‍ച്ചെ 5.30ന് ദുബായില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനത്തിലാണ് ഇരുവരും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നെത്തിയ ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.

സംശയം തോന്നിയ ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം കണ്ടെടുത്തത്. ഇവ മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്. പേസ്റ്റിന് 2443 ഗ്രാം തൂക്കമാണുണ്ടായിരുന്നത്.

വേര്‍തിരിച്ചെടുത്താല്‍ രണ്ട് കിലോയോളം സ്വര്‍ണം ലഭിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തവരെ ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്നു ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ ദിവസം ആറ് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണവും സിഗരറ്റും കസ്റ്റംസ് വിഭാഗം പിടികൂടിയിരുന്നു. ദുബായില്‍ നിന്ന് എത്തിയ ഗോ എയര്‍ വിമാനയാത്രക്കാരനായ മുംബൈ സ്വദേശി ഇബ്രാഹിം മുഹമ്മദില്‍ നിന്നാണ് സ്വര്‍ണവും സിഗരറ്റും പിടികൂടിയിരുന്നത്.

Exit mobile version