സന്നിധാനത്തെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് യുവമോര്‍ച്ചയുടെ പ്രതിഷേധ ദിനം

ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കാനും തീരുമാനമുണ്ട്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നാമജപം നടത്തിയവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ഇന്ന് സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കും. കൂടാതെ ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.

സന്നിധാനത്ത് വെച്ച് അറുപത്തഞ്ചോളം പേരെ അറസ്റ്റ് ചെയ്യുകയും ഇരുന്നൂറോളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അറസ്റ്റില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധം നടത്തി.

പുലര്‍ച്ചെ ഒരു മണിയോടെ ആരംഭിച്ച നാമജപപ്രതിഷേധം രണ്ടരയോടു കൂടിയാണ് അവസാനിച്ചത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ശബരിമല സംരക്ഷണ സമിതി നാമജപ പ്രതിഷേധം സംഘടിപ്പിച്ചു.

കൂടാതെ മറ്റു ജില്ലാ ആസ്ഥാനങ്ങളിലും പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും നാമജപപ്രതിഷേധം നടന്നു. സന്നിധാനത്ത് ശരണം വിളിച്ചവരെ അറസ്റ്റ് ചെയ്ത നടപടി തീക്കളിയാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version