അന്നുണ്ടായിരുന്നതിനേക്കാള്‍ ആയിരമിരട്ടി സ്ട്രോങ് ആണ് ഇപ്പോഴുള്ള ഞാന്‍! നന്ദു മഹാദേവ

'ഒരു ശ്വാസകോശവും ഒരു കാലുമായി വീണ്ടും ജീവിതത്തിലേക്ക്

തൃശ്ശൂര്‍:‘ഒരു ശ്വാസകോശവും ഒരു കാലുമായി വീണ്ടും ജീവിതത്തിലേക്ക്’. ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി നന്ദു മഹാദേവ. ശസ്ത്രക്രിയയ്ക്കു ശേഷം ഡിസ്ചാര്‍ജ്ജ് ആയി വീട്ടിലെത്തിയെന്നാണ് നന്ദു അറിയിച്ചിരിക്കുന്നത്.

ശ്വാസകോശത്തിലെ കാന്‍സറിനെ പൂര്‍ണമായി നീക്കാനായി. ഇന്‍ഫെക്ഷന്‍ ഏല്‍ക്കാതെ വളരെയധികം സൂക്ഷിക്കേണ്ട സമയം ആയതിനാല്‍ പ്രിയമുള്ളവരേ ഇപ്പോള്‍ കാണാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയാണ്.

രണ്ടു കാലുകള്‍ ഉള്ള അന്നുണ്ടായിരുന്നതിനേക്കാള്‍ ആയിരമിരട്ടി സ്ട്രോങ് ആണ് ഇപ്പോഴുള്ള ഞാന്‍..അതുപോലെ ഒരു ശ്വാസകോശമുള്ള ഞാന്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ പതിനായിരമിരട്ടി ബലവാനാണ് ഇപ്പോള്‍’ എന്നും നന്ദു കുറിച്ചു.

”ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക്….അങ്ങനെ ഒരു ശ്വാസകോശവും ഒരു കാലുമായി ഞാന്‍ വീണ്ടും ജീവിതത്തിലേക്ക്..അല്ലെങ്കിലും ഒന്നാണ് നല്ലത്.. രണ്ടു കാലുകള്‍ ഉള്ള അന്നുണ്ടായിരുന്നതിനേക്കാള്‍ ആയിരമിരട്ടി സ്ട്രോങ് ആണ് ഇപ്പോഴുള്ള ഞാന്‍..അതുപോലെ ഒരു ശ്വാസകോശമുള്ള ഞാന്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ പതിനായിരമിരട്ടി ബലവാനാണ് ഇപ്പോള്‍..

ഈ സര്‍ജറിയും ജീവിതത്തിലേക്കുള്ള തിരിച്ചു വരവും അത്ഭുതം എന്നു പറയാനല്ല വിസ്മയം എന്നു പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്..റിപ്പോര്‍ട്ട് അയച്ചുകൊടുത്ത അമൃത ഉള്‍പ്പെടെയുള്ള പല ഹോസ്പിറ്റലുകളും കയ്യൊഴിഞ്ഞു..

എല്ലാവരും കയ്യൊഴിഞ്ഞപ്പോള്‍ എന്നെ നെഞ്ചോടു ചേര്‍ത്തു വച്ചു ശ്രീചിത്രയിലെ ഡോക്ടര്‍ ശ്രീ ശിവനേഷ് സര്‍..അദ്ദേഹം തന്ന ഭിക്ഷ തന്നെയാണ് എന്റെ മുന്നോട്ടുള്ള ജീവിതം..!അദ്ദേഹം മാത്രമല്ല ശ്രീചിത്രയിലെ ഡോക്ടര്‍മാരായ ഹരി സര്‍ ടോം സര്‍ ഒക്കെ ഒരു കുഞ്ഞനിയനെപ്പോലെ എന്നെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി..ഒപ്പം പ്രിയമുള്ളവരുടെ പ്രാര്‍ഥനകള്‍ തീര്‍ത്ത അത്ഭുതം വീണ്ടും എന്നെ അതിശയിപ്പിച്ചു..!

സര്‍ജറി ചെയ്യാന്‍ കേവലം ഒരു ദിവസം കൂടി വൈകിയിരുന്നെങ്കില്‍ ഞാന്‍ മരിക്കുമെന്നത് എനിക്കും എന്റെ ഡോക്ടര്‍മാര്‍ക്കും 100 ശതമാനം ഉറപ്പായിരുന്നു..
എന്റെ ഡോക്ടര്‍മാരുടെയും എന്റെയും മുന്നില്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു
ഈ സര്‍ജറി ചെയ്യാന്‍ പറ്റുമോ എന്ന് പോലും അവര്‍ ആശങ്കപ്പെട്ടു..
കാരണം pet സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ട്യൂമര്‍ വളര്‍ന്ന് വല്ലാത്തൊരു അവസ്ഥയില്‍ ആയതായി കണ്ടു.. സര്‍ജറി ചെയ്താലും അത് മുഴുവനായി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ലാത്ത അവസ്ഥയില്‍ ആയിരുന്നു..

ഇനി വേറെയും ഒരുപാട് പ്രതിസന്ധികള്‍ മുന്നില്‍ ഉണ്ടായിരുന്നു..! ഒരുപക്ഷേ ജീവിതകാലം മുഴുവന്‍ ഭക്ഷണം ട്യൂബിലൂടെ കഴിക്കുന്ന അവസ്ഥയിലേക്ക് എത്തപ്പെടാനും ശബ്ദം പൂര്‍ണ്ണമായും എന്നെന്നേക്കുമായി നഷ്ടപ്പെടാനുമൊക്കെയുള്ള വളരെ വലിയ സാധ്യത മുന്നിലുണ്ടായിരുന്നു..

ദൈവത്തെ പ്രാര്‍ത്ഥിച്ച് എന്തായാലും ചെയ്തു നോക്കാം എന്ന തീരുമാനത്തിലെത്തി..
ആ സമയത്തൊക്കെ എന്റെ പ്രിയപ്പെട്ടവരെല്ലാം മുള്‍മുനയില്‍ ആയിരുന്നു..
പക്ഷേ ഞാന്‍ നേരത്തേ പറഞ്ഞതുപോലെ വിസ്മയകരമായ ഒരു അത്ഭുതം എന്റെ കാര്യത്തില്‍ സംഭവിച്ചു..

Pet സ്‌കാന്‍ റിപ്പോര്‍ട്ടില്‍ കണ്ടതിന് വിപരീതമായി മറ്റൊരു തരത്തിലായിരുന്നു ട്യൂമറിന്റെ വളര്‍ച്ച. മറ്റ് ഭാഗങ്ങളിലേക്ക് അത് ഒരു കേടുപാടും ഉണ്ടാക്കിയിട്ടുണ്ടായിരുന്നില്ല..!
മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടും ഉണ്ടായിരുന്നില്ല.. സര്‍ജറി കഴിഞ്ഞ ഡോക്ടര്‍മാര്‍ പൂര്‍ണ്ണ സന്തോഷത്തിലായിരുന്നു. കാരണം ട്യൂമറിനെ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ അവര്‍ക്ക് സാധിച്ചു.

എനിയ്ക്ക് ജീവിക്കണം.. എന്റെ പ്രിയമുള്ളവരോടൊത്ത് സന്തോഷത്തോടെ ഒത്തിരി വര്‍ഷം ജീവിക്കണം.. ഒരായുസ്സില്‍ ഒരു മനുഷ്യന്‍ അനുഭവിക്കേണ്ട വേദനയുടെ പതിനായിരം ഇരട്ടി വേദന ഞാന്‍ അനുഭവിച്ചു കഴിഞ്ഞു.. ഇനിയും എന്റെ ജീവിതത്തിലേക്ക് അവള്‍ വരാതിരിക്കാന്‍ വേണ്ടി അവള്‍ ചോദിച്ച ചങ്കിന്റെ ഒരു ഭാഗം ഇപ്പോള്‍ പറിച്ചു കൊടുത്തിട്ടുണ്ട്.. ഇനിയും എന്റെ ജീവിതത്തിലേക്ക് നീ വരില്ലെന്ന് പ്രതീക്ഷിക്കുന്നു…

ഈ നിമിഷം വരെ നിനക്ക് എന്റെ മനസ്സിനെ ഒന്ന് സ്പര്‍ശ്ശിക്കാന്‍ കൂടി കഴിഞ്ഞിട്ടില്ല..
കഴിയുകയുമില്ല. നെഗറ്റിവിന് എതിരെ ഒരു വര വരച്ചാല്‍ ഉണ്ടാക്കാവുന്നതേ ഉള്ളൂ ഈ പോസിറ്റിവിറ്റി…പക്ഷേ വരയ്ക്കാന്‍ അറിയണം അത്ര മാത്രം…!
വരയ്ക്കാന്‍ പഠിച്ച എന്നോട് കളി വേണ്ട

ഇനി എന്ത് വന്നാലും ഈ തല ഉള്ളിടത്തോളം ഈ പുഞ്ചിരി കൂടെയുണ്ടാകും..! സന്തോഷവും വെറുതെ മരിച്ചു ജീവിക്കാനല്ല..നന്നായി ജീവിച്ചു മരിക്കാന്‍ തന്നെയാണ് തീരുമാനം. സര്‍വ്വവും സര്‍വ്വേശ്വരന്റെ മുന്നില്‍ സമര്‍പ്പിക്കുന്നു

NB: എന്റെ കാലൊന്ന് ഇടറിയപ്പോള്‍ എന്റെ അടുത്തേക്ക് ഓടി വന്നു എനിക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തു തന്ന സ്‌നേഹത്തിന്റെ നിറകുടങ്ങളായ ശ്രീ കിടിലം ഫിറോസ് ഇക്കാ സുമിച്ചേച്ചി ഫിറോസ് കുന്നുംപറമ്പില്‍ ഇക്കാ അശ്വതി ജ്വാല ചേച്ചി അനില ചേച്ചി dr ഗീത ഷാനവാസ് dr ഷാനവാസ് പ്രിയ സുഹൃത്തുക്കള്‍ താജുദ്ധീന്‍ dr ലീന അശ്വതി ജ്വാല ഷഹനാസ് കല്ലറ കിഷോര്‍ ചേട്ടന്‍ അജി ചേട്ടന്‍ മനു ചേട്ടന്‍ ജോണ്‍സണ്‍ ഇടിയാറന്മുള സര്‍ പിന്നെ എന്റെ എല്ലാ കാര്യത്തിനും എന്റെ മുന്നിലുള്ള ചങ്ക് ശ്രീരാഗ് എന്റെ അതിജീവനം കുടുംബ ബന്ധുക്കള്‍ പിന്നെ മ്മടെ ബിഗ് ഫ്രണ്ട്‌സ് അങ്ങനെ പേര് പറഞ്ഞാല്‍ ഒത്തിരിയൊത്തിരി നന്മ മനസ്സുകളുണ്ട്..അവര്‍ക്കും എന്നെ സഹായിച്ച എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എന്റെ പ്രിയപ്പെട്ടവര്‍ക്കും എല്ലാവര്‍ക്കും ഒരുപാട് നന്ദി..

ഇപ്പോള്‍ ഡിസ്ചാര്‍ജ് ആയി ഞാന്‍ വീട്ടില്‍ എത്തിയെങ്കിലും ഈ സമയത്ത് ഇന്‍ഫെക്ഷന്‍ ഏല്‍ക്കാതെ വളരെയധികം സൂക്ഷിക്കേണ്ട സമയം ആയതിനാല്‍ പ്രിയമുള്ളവരേ ഇപ്പോള്‍ കാണാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയാണ്.. എല്ലാവരെയും എനിക്ക് കാണണം..

ഇനിയും സമൂഹത്തില്‍ പ്രകാശം പരത്തി നമ്മളൊന്നിച്ച് ഒത്തിരി കാര്യങ്ങള്‍ ചെയ്ത് മുന്നോട്ട് പോകും..അതിന് മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഞാന്‍ എന്റെ പ്രിയമുള്ളവര്‍ക്ക് വാക്ക് നല്‍കുന്നു..ചക്കരയുമ്മ എല്ലാവര്‍ക്കും”.

Exit mobile version