സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പൈന്‍ ബുക്‌സ് പിന്മാറി

കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരസ്യമായി രംഗത്തുവന്നതിനെത്തുടര്‍ന്ന് സന്യാസിനി സഭയില്‍നിന്നും പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍നിന്നും പ്രസാധകരായ പൈന്‍ ബുക്‌സ് പിന്‍മാറി.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ ‘ഇന്‍ ദ നെയിം ഓഫ് ലോര്‍ഡ് മൈ ഗോഡ്’ മലയാളത്തിനു പുറമേ ഇംഗ്ലീഷിലും ഹിന്ദിയിലും പുസ്തകം പ്രസിദ്ധീകരിക്കാനായിരുന്നു പദ്ധതി. ഇതിനായി കൈയെഴുത്തു പ്രതി വാങ്ങുകയും ചെയ്തു. എന്നാല്‍ റോയല്‍റ്റി തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രസാധകര്‍ പിന്‍മാറിയത്.

പതിനഞ്ചു ശതമാനം റോയല്‍റ്റി എന്ന കരാറിലാണ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറായതെന്ന് പൈന്‍ ബുക്‌സ് അധികൃതര്‍ പറയുന്നു. പിന്നീട് അന്‍പതു ശതമാനം റോയല്‍റ്റി വേണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ആവശ്യപ്പെടുകയായിരുന്നു.

ഇതിനെത്തുടര്‍ന്നാണ് പ്രസാധനത്തില്‍ നിന്നും പിന്‍മാറുന്നതെന്ന് പൈന്‍ ബുക്‌സ് ഡയറക്ടര്‍ മില്‍ട്ടന്‍ ഫ്രാന്‍സിസ് പറഞ്ഞു. എഴുതി പൂര്‍ത്തിയാക്കിയ കൈയെഴുത്തു പ്രതി തന്റെ പക്കലുണ്ടെന്നും പ്രസാധനത്തിനു തയ്യാറായി പലരും സമീപിച്ചിട്ടുണ്ടെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

Exit mobile version