അട്ടപ്പാടി വെടിവയ്പില്‍ ദുരൂഹത; വ്യാജ ഏറ്റുമുട്ടലിന് പിന്നില്‍ കേരളത്തിലെ പോലീസ് മേധാവി; വികെ ശ്രീകണ്ഠന്‍ എംപി

ഛത്തീസ്ഗഢിലും ബിഹാറിലുമില്ലാത്ത മാധ്യമവിലക്കാണ് അട്ടപ്പാടിയിലെന്നും ശ്രീകണ്ഠന്‍ കുറ്റപ്പെടുത്തി

പാലക്കാട്: വാളയാര്‍ സംഭവത്തിലെ ജനരോഷം മറയ്ക്കാന്‍ സര്‍ക്കാര്‍ സൃഷ്ടിച്ച വ്യാജ ഏറ്റുമുട്ടലാണ് അട്ടപ്പാടിയില്‍ നടന്നതെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. വെടിവയ്പില്‍ ദുരൂഹതയുണ്ടെന്നും, വ്യാജ ഏറ്റുമുട്ടലിന് പിന്നില്‍ കേരളത്തിലെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണെന്നും ശ്രീകണ്ഠന്‍ ആരോപിച്ചു. വെടിവെപ്പുണ്ടായ പാലക്കാട്ടെ മേലേ മഞ്ചിക്കണ്ടിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ശ്രീകണ്ഠന്റെ ആരോപണം.

ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയവരെ രക്ഷപ്പെടുത്തിയെന്ന് ആരോപണം നേരിടുന്ന ആളാണ് കേരളത്തിലെ ഇപ്പോഴത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. മാവോയിസ്റ്റുകളെ അടുത്ത് വച്ച് വെടിവച്ച് കൊന്നുവെന്നാണ് തോന്നുന്നത്. അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലാത്തതാണ്. അട്ടപ്പാടിയില്‍ മാധ്യമവിലക്കാണെന്നും എംപി ആരോപിച്ചു.

ഛത്തീസ്ഗഢിലും ബിഹാറിലുമില്ലാത്ത മാധ്യമവിലക്കാണ് അട്ടപ്പാടിയിലെന്നും ശ്രീകണ്ഠന്‍ കുറ്റപ്പെടുത്തി. പോലീസ് മേധാവി ഉണ്ടാക്കിയ വ്യാജ ഏറ്റുമുട്ടലാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് താനവിടെ കണ്ട കാഴ്ചകള്‍. ഉന്നതതലസംഘത്തെ വെടിവയ്പുണ്ടായ ഇടത്തേക്ക് അന്വേഷണത്തിനായി അയക്കണമെന്നും
വി കെ ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.

Exit mobile version