തണ്ടർബോൾട്ട് ആക്രമിക്കപ്പെട്ടു; മാവോവാദികളെ വീഴ്ത്തിയത് രണ്ടുദിവസത്തെ രൂക്ഷമായ ഏറ്റുമുട്ടലിൽ: എസ്പി ശിവവിക്രം

പാലക്കാട്: അട്ടപ്പാടി ഉൾവനത്തിലെ മഞ്ചിക്കണ്ടിയിൽ നാല് മാവോവാദികളെ കൊലപ്പെടുത്തിയത് രൂക്ഷമായ ഏറ്റുമുട്ടലിനെ തുടർന്നെന്ന് പാലക്കാട് എസ്പി ശിവ വിക്രം ഐപിഎസ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്നും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും എകെ 47 ഉൾപ്പടെയുള്ള ആയുധങ്ങളും കണ്ടെത്തിയതായി എസ്പി മാധ്യമങ്ങളോട് വിശദീകരിച്ചു.

തിങ്കളാഴ്ച രാവിലെ തുടങ്ങിയ ഓപ്പറേഷനാണ് അവസാനിച്ചിരിക്കുന്നത്. തണ്ടർബോൾട്ട് സംഘം പട്രോളിങ് നടത്തവേ മഞ്ചക്കണ്ടിയിൽ നിന്ന് 4 കിലോമീറ്റർ അകലെ വനമേഖലയിൽ വെച്ച് മാവോവാദികളുടെ സങ്കേതം കാണുകയും, അങ്ങോട്ട് നീങ്ങവെ മാവോവാദികൾ ആക്രമിക്കുകയായിരുന്നെന്നും എസ്പി വിശദീകരിക്കുന്നു. തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോവാദികൾ വെടിയുതിർത്തു. അപ്പോൾ തണ്ടർബോൾട്ട് സംഘം തിരിച്ചടിച്ചു. ഏറ്റമുട്ടലിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെടുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്.

തഹസിൽദാർ, സബ്കളക്ടർ, ഡോക്ടർ, ഫോറൻസിക് വിദഗ്ധർ, ആയുധ വിദഗ്ധർ, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, പഞ്ചായത്ത് അംഗങ്ങൾ, ഡിഎഫ്ഒ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ആ സമയത്ത് പ്രദേശം മുഴുവൻ തണ്ടർബോൾട്ട് സംഘം വളഞ്ഞിരുന്നു. പിടിച്ചെടുത്ത ആയുധങ്ങൾ പരിശോധിക്കവെയാണ് വീണ്ടും വെടിവെപ്പുണ്ടായത്. തണ്ടർബോൾട്ട് സംഘം തിരിച്ചും വെടിയുതിർത്തു. 2 മണിക്കൂറോളം സമയം ആ വെടിവെപ്പ് നീണ്ടുനിന്നു. ആ വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെടുന്നത്. ഇയാളുടെ കൈവശം എകെ 47 തോക്കുണ്ടായിരുന്നു. ഇയാളുടെ കൂടെ രണ്ട് മാവോവാദികൾ കൂടി ഉണ്ടായിരുന്നു. ഇവരുടെ കൈവശവും ആയുധങ്ങളുണ്ടായിരുന്നു. ഇവർക്കായി തണ്ടർബോൾട്ട് ഏറെ നേരം തിരച്ചിൽ നടത്തിയതായും എസ്പി വ്യക്തമാക്കി.

ഒരു എകെ 47 തോക്കും, ഒരു .303 തോക്കും, നാടൻ തോക്കുകളുമുൾപ്പെടെ ഏഴ് ആയുധങ്ങൾ അവിടെ നിന്നും കണ്ടെടുത്തു. നൂറ് റൗണ്ട് വെടിയുണ്ടകളും കണ്ടെടുത്തു. മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളും സ്ഥലത്തുണ്ടായിരുന്നു. വനം വകുപ്പ് നടത്തിയ പരിശോധനയിൽ സങ്കേതത്തിൽ നിന്നും മാൻ തോലുകൾ കണ്ടെടുത്തു. പാത്രത്തിൽ പാകം ചെയ്ത ഇറച്ചിയുണ്ടായിരുന്നു. ഇത് മാനിറച്ചിയാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. കീഴടങ്ങാൻ എത്തിയവരായിരുന്നു എന്ന വാദത്തേയും എസ്പി തള്ളി. മാവോവാദികൾ കീഴടങ്ങാനായി എത്തിയതായിരുന്നെങ്കിൽ അവർ എന്തിന് വലിയ ആയുധങ്ങളുമായി വന്നു എന്നും എസ്പി ശിവവിക്രം ചോദിച്ചു.

Exit mobile version