റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ ഇരുപത്തയ്യായിരം രൂപ പോലീസിലേല്‍പ്പിച്ചു, വീട്ടിലെത്തിയപ്പോള്‍ ഭാര്യയുടെ പണമാണ് നഷ്ടപ്പെട്ടതെന്ന് അറിഞ്ഞ് ഞെട്ടി

അഞ്ചാലുംമൂട്: കളഞ്ഞുകിട്ടിയ 25,000 രൂപ പോലീസ് സ്‌റ്റേഷനിലെത്തിച്ചു, തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ഭാര്യയുടെ പണമാണ് നഷ്ടപ്പെട്ടതെന്നറിഞ്ഞത്. അഞ്ചാലുംമൂടാണ് സംഭവം, അങ്കണവാടി അധ്യാപികയായ കുരീപ്പുഴ പള്ളികിഴക്കതില്‍ വല്‍സല സൈമണിനാണ് റോഡരികില്‍ നിന്ന് പണം കളഞ്ഞുകിട്ടിയത്. സംഭവസമയം അവിടെയുണ്ടായിരുന്ന മോഹനന്‍ വല്‍സലയ്‌ക്കൊപ്പം പണം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേല്‍പ്പിക്കുകയായിരുന്നു.

മുരുന്തല്‍ രാഹിഭവനില്‍ രജിത സഹകരണബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോയ തുകയാണ് അഞ്ചാലുംമൂട്ടിലെ ഓഡിറ്റോറിയത്തിനു സമീപം റോഡില്‍ നഷ്ടപ്പെട്ടത്.

രജിതയുടെ ഭര്‍ത്താവായ മോഹനന്‍ വീട്ടിലെത്തിയപ്പോഴാണു ഭാര്യയുടെ കയ്യില്‍ നിന്നു പണം നഷ്ടപ്പെട്ടതറിയുന്നത്. ഉടന്‍ ഭാര്യക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നു പറഞ്ഞു മടക്കി. തുടര്‍ന്നു ബാങ്കിലടക്കം പോലീസ് അന്വേഷിച്ചു.

പണം കളഞ്ഞുകിട്ടിയെന്നു കാട്ടി മാധ്യമങ്ങളില്‍ വാര്‍ത്തകളും നല്‍കിയിരുന്നു. എന്നാല്‍ പണം തേടി ആരും എത്തിയതുമില്ല. തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ ഡിവിഷന്‍ കൗണ്‍സിലര്‍മാരായ ബി അനില്‍കുമാര്‍, ബി അജിത്ത്കുമാര്‍, എസ്‌ഐ ദേവരാജന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പോലീസ് സ്റ്റേഷനില്‍ വല്‍സലാ സൈമണ്‍ രജിതയ്ക്കു പണം കൈമാറി. അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം ഒരാഴ്ച കഴിഞ്ഞാണ് ദമ്പതികള്‍ക്ക് പണം തിരികെക്കിട്ടിയത്.

Exit mobile version