ജിഐ പൈപ്പ് കൊണ്ട് അടിച്ചാൽ മുറിവേൽക്കുന്നത് എങ്ങനെ; പെരിയ കുറ്റപത്രത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് കോടതി

കൊച്ചി: പെരിയ കേസ് കുറ്റപത്രത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് കോടതി. ജിഐ പൈപ്പ് കൊണ്ട് അടിച്ചപ്പോൾ മുറിവുണ്ടായത് എങ്ങനെയെന്നായിരുന്നു കോടതിയുടെ ഒരു ചോദ്യം. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം കേസ് ഡയറി സിംഗിൾബെഞ്ച് പരിശോധിച്ചില്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ട കോടതി സർക്കാർ പറയുന്നത് കൊണ്ടുമാത്രം വിശദമായ വാദം കേൾക്കാമെന്നും വ്യക്തമാക്കി. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.

സംസ്ഥാന പോലീസ് കൃത്യമായി അന്വേഷണം നടത്തിയില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണ്ടി കുറ്റപത്രം റദ്ദാക്കിയാണ് കോടതി കേസ് അന്വേഷണം സിബിഐക്ക് വിട്ടത്. ഇതിനെതിരെയാണ് സർക്കാർ കോടതിയിൽ അപ്പീൽ നൽകിയത്. എന്നാൽ സിബിഐ അന്വേഷണം ഉത്തരവിട്ട കോടതി വിധിക്ക് തൽക്കാലം സ്‌റ്റേ നൽകുന്നില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.

രണ്ട് യുവാക്കൾ അതിക്രൂരമായി കൊല്ലപ്പെട്ട കേസിൽ ഫോറൻസിക് സർജൻറെ മൊഴി പോലും യഥാസമയം രേഖപ്പെടുത്തിയില്ല. ഫലപ്രദവും കാര്യക്ഷമവുമായ അന്വേഷണം ഒരു ഘട്ടത്തിലും നടന്നില്ല. ഏറെ ലാഘവത്തോടെയാണ് കുറ്റപത്രം പോലും തയ്യാറാക്കിയത്. ഈ കുറ്റപത്രം കൊണ്ട് വിചാരണ നടന്നാൽ നിലവിലെ പ്രതികൾ ശിക്ഷിക്കപ്പെടില്ല. യാതൊരു വിശ്വാസ്യതയുമില്ലാത്ത അന്വേഷണമായിരുന്നു ക്രൈംബ്രാഞ്ചിന്റേതെന്നായിരുന്നു കുറ്റപത്രം റദ്ദാക്കികൊണ്ട് കോടതി നിരീക്ഷിച്ചത്.

Exit mobile version