തൈക്കാട് ആശുപത്രിയില്‍ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകി ഭീഷണിയാകുന്നു; കര്‍ശന നടപടിക്കൊരുങ്ങി മനുഷ്യാവകാശ കമ്മീഷന്‍

ആശുപത്രി വളപ്പിലുള്ള പാര്‍ക്കിങ് ഏരിയയിലെ എസിആര്‍ ലാബിനു സമീപമുള്ള സെപ്റ്റിക് ടാങ്കാണ് ഒരു മാസത്തിലേറെയായി പൊട്ടിയൊലിക്കുന്നത്

തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴികി ആരോഗ്യഭീഷണിയുര്‍ന്നെന്ന് പരാതി. ഇതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ശക്തമായ നടപടിക്കൊരുങ്ങി.

സംഭവത്തില്‍ മൂന്നാഴ്ചയ്ക്കകം പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ആശുപത്രി വളപ്പിലുള്ള പാര്‍ക്കിങ് ഏരിയയിലെ എസിആര്‍ ലാബിനു സമീപമുള്ള സെപ്റ്റിക് ടാങ്കാണ് ഒരു മാസത്തിലേറെയായി പൊട്ടിയൊലിക്കുന്നത്.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് കമ്മിഷന്റെ നടപടി. മഴക്കാലമായതോടെ പ്രദേശത്ത് കക്കുസ് മാലിന്യങ്ങള്‍ പുറത്തോക്കൊഴുകി ദുര്‍ഗന്ധം വരുന്നത് രൂക്ഷമായിരുന്നു.

ഇതോടെ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. പാര്‍ക്കിങ് ഏരിയയിലെ ഓടകള്‍ ചെളിയും മാലിന്യങ്ങളും നിറഞ്ഞ് അടഞ്ഞ അവസ്ഥയാണ്. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കക്കൂസ്മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പതിവാണെന്നും പരാതിയുണ്ട്.

Exit mobile version