വാളയാര്‍ കേസില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍

വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എംസി ജോസഫൈന്‍ രംഗത്ത്.

കൊച്ചി: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എംസി ജോസഫൈന്‍ രംഗത്ത്. കേസില്‍ ആഴത്തിലും പരപ്പിലുമുള്ള പുനരന്വേഷണം ആവശ്യമാണെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി. കേസന്വേഷണത്തിലോ പ്രോസിക്യൂഷന്റെ ഭാഗത്തോ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കണമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.

പോക്സോ കേസുകളില്‍ ഇടപെടാന്‍ വനിതാ കമ്മീഷന് പരിമിതികളുണ്ട്. വാളയാര്‍ കേസില്‍ ഇടപെടാന്‍ വനിതാകമ്മീഷന് നിയമപരമായ തടസ്സങ്ങളുണ്ട്. എന്നാല്‍ വാളയാര്‍ സംഭവത്തില്‍ കമ്മീഷന് അതീവ ആശങ്കയുണ്ടെന്നും ചെയര്‍പേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു. പോക്സോ നിയമത്തെക്കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം നടത്തുകയാണ് കമ്മീഷന്‍ ചെയ്യുന്നത്.

വാളയാര്‍ സംഭവത്തിന് ശേഷം വനിതാ കമ്മീഷന്‍ അംഗം അവിടെ എത്തുകയും കുട്ടികളുടെ അമ്മയെ കാണുകയും ചെയ്തിരുന്നു. കാക്കനാട് നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജോസഫൈന്‍.

കുട്ടികള്‍ ഇരകളാകുന്ന കേസുകളില്‍ ഇടപെടാന്‍ ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിക്കും ഉത്തരവാദിത്വമുണ്ട്. എടപ്പാള്‍ പീഡനക്കേസില്‍ കമ്മീഷന്‍ ഇടപെട്ടത് കേസില്‍ കുട്ടിയുടെ അമ്മയ്ക്കും പങ്കുണ്ടായ സാഹചര്യത്തിലാണ്. രാജ്യത്തെ തെളിവ്, ക്രിമിനല്‍ നിയമങ്ങളില്‍ പൊഴിച്ചെഴുത്ത് ആവശ്യമാണ്. തെളിവ് നിയമത്തിന്റെ ആനുകൂല്യത്തില്‍ പ്രതികള്‍ വിട്ടയയ്ക്കപ്പെടുന്ന സാഹചര്യം മാറണമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യവ്യാപകമായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വിധി പറയുന്നത് പതിനെട്ട് ശതമാനം കേസുകളില്‍ മാത്രമാണെന്നത് നിയമത്തിന്റെ ദൗര്‍ബല്യമാണ് കാണിക്കുന്നതെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.

Exit mobile version