വാളയാർ കേസിൽ പുനരന്വേഷണം; ബിജെപി 100 മണിക്കൂർ സമരം ആരംഭിക്കുന്നു; ബെന്നി ബെഹനാൻ പെൺകുട്ടികളുടെ വീട് സന്ദർശിക്കും

പാലക്കാട്: വാളയാറിലെ പെൺകുട്ടികളുടെ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കാനും പ്രതികൾക്ക് തക്ക ശിക്ഷ ഉറപ്പുവരുത്താനും കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിനൊപ്പം ബിജെപിയുടേയും പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ 100 മണിക്കൂർ സമരം അൽപ്പസമയത്തിനകം തുടങ്ങും. കേസിൽ സിബിഐ അന്വേഷണം വേണമെന്ന കുട്ടികളുടെ അമ്മയുടെ ആഗ്രഹം പരിഗണിക്കണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

‘അമ്മയ്ക്കു പോലും അന്വേഷണത്തിൽ വിശ്വാസമില്ല എന്നത് ഭരണസംവിധാനത്തിന്റെ ദയനീയ പരാജയമാണ് കാണിക്കുന്നത്. അമ്മയുടെ ആവശ്യം പരിഗണിക്കേണ്ടതാണ്. പക്ഷെ സംസ്ഥാന സർക്കാാർ പുനരന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ തയ്യാറല്ല’- കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി.

അതേസമയം, പുനരന്വേഷണം, സിബിഐ അന്വേഷണം എന്നീ രണ്ട് ആവശ്യങ്ങളിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. സിബിഐ അന്വേഷണം വേണമെന്ന് പെൺകുട്ടികളുടെ അമ്മയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ യുഡിഎഫ് കൺവീനർ ബെന്നിബെഹനാന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടികളുടെ വീട് ഇന്ന് സന്ദർശിക്കും. നിലവിൽ നൽകിയ കുറ്റപത്രത്തിൽ അപ്പീൽ പോയാലും ശിക്ഷിക്കപ്പെടില്ലെന്നാണ് നിഗമനം.

Exit mobile version