പാലക്കാട് ഉള്‍വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന്; കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും, കനത്ത സുരക്ഷ

മാവോയിസ്റ്റ്പ്രവര്‍ത്തകരായ കാര്‍ത്തിക്, സുരേഷ്, ശ്രീമതി എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് എന്നാണ് വിവരം

പാലക്കാട്: പാലക്കാട് ഉള്‍വനത്തില്‍ തിങ്കളാഴ്ച ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും ഇന്ന് നടക്കും. പാലക്കാട് അട്ടപാടിയിലെ ഉള്‍വനത്തിലാണ് സുരക്ഷസേനയും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെയ്പ്പ് നടന്നത്.

സംഭവത്തില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ്പ്രവര്‍ത്തകരായ കാര്‍ത്തിക്, സുരേഷ്, ശ്രീമതി എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് എന്നാണ് വിവരം. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘം ഉള്‍വനത്തില്‍ പരിശോധന നടത്തിയിരുന്നു. ഈ സമയത്താണ് സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റുള്‍ വെടിവെപ്പ് നടത്തിയത്.

തണ്ടര്‍ബോള്‍ട്ട് അസി കമാന്റോ സോളമന്റെ നേതൃത്വത്തിലാണ് അട്ടപാടി മഞ്ചക്കണ്ടി വനമേഖലയില്‍ പട്രോളിങ് നടത്തിയത്. വെടിവെയ്പ്പില്‍ മണഇവാസകം എന്ന മാവോയിസ്റ്റിനു വെടിയേറ്റതായി വിവരമുണ്ട്. ഇവര്‍ക്കായി ഉള്‍ക്കാട്ടില്‍ തെരച്ചില്‍ തുടരുന്നുണ്ടെന്നും സ്ഥലത്തുനിന്നും മാവോയിസ്റ്റുകളുടെ തോക്കുകള്‍ ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

പാലക്കാട് എസ്പി ടി വിക്രം, ആന്റി മാവോയിസ്റ്റ് സ്‌ക്വാഡ് കമാന്റന്റ് ചൈത്ര തേരേസ ജോണ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്. ഡിഎമ്മും കളക്ടറും അടക്കമുള്ള റവന്യൂ സംഘം എത്തിയ ശേഷമായിരിക്കും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ട് പോവുക.

Exit mobile version