കൊച്ചിയില്‍ യുവാവ് കായലില്‍ ചാടി; പുറകേ ചാടി, സ്വന്തം ജീവന്‍ പണയം വെച്ച് യുവാവിനെ രക്ഷപെടുത്തി നാവികസേനാ ഉദ്യോഗസ്ഥര്‍

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

കൊച്ചി: മട്ടാഞ്ചേരി പഴയ തോപ്പുംപടി പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ യുവാവിനെ ജീവന്‍ പണയം വെച്ച് രക്ഷപെടുത്തി നാവികസേനാ ഉദ്യോഗസ്ഥര്‍. ദക്ഷിണ നാവിക സേനയിലെ നേവല്‍ എയര്‍ സ്‌ക്വാഡ്രണ്‍ 322 ലെ ലീഡിംഗ് എയര്‍ക്രാഫ്റ്റ്മാന്‍ റിങ്കു, നാവികസേനയിലെ പെറ്റി ഓഫീസറായ പ്രജാപതി എന്നിവരാണ് തങ്ങളുടെ സ്വന്തം ജീവന്‍ പണയം വെച്ച് വെള്ളത്തില്‍ ചാടിയ യുവാവിനെ രക്ഷപെടുത്തിയത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഡ്യൂട്ടിക്കായി ദക്ഷിണ നാവികസേനാ ആസ്ഥാനത്തേക്ക് പോകവേയാണ് ആരോ ഒരാള്‍ കായലിലേക്ക് ചാടിയെന്ന് റിങ്കു മനസ്സിലാക്കുന്നത്. തുടര്‍ന്ന് വെള്ളത്തില്‍ ചാടിയ ആളെ രക്ഷിക്കാനായി റിങ്കു കായലിലേക്ക് എടുത്ത് ചാടി.

വെള്ളത്തില്‍ മുങ്ങിത്താണ് മരണത്തെ മുഖാമുഖം കണ്ടുനില്‍ക്കുകയായിരുന്ന യുവാവിനെയും കൊണ്ട് റിങ്കു
കരയിലേക്ക് നീന്തി. ഈ സമയത്ത് ആ വഴിപോയ ബോട്ടിലുണ്ടായിരുന്ന പ്രജാപതി റിങ്കുവിനെയും യുവാവിനെയും കണ്ട് കായലിലേക്ക് ചാടി. തുടര്‍ന്ന് ഇരുവരും ചേര്‍ന്നാണ് യുവാവിനെ കരയിലേക്ക് എത്തിച്ചത്.

കായലില്‍ നിന്ന് റോഡ് വരെ പ്രജാപതി, യുവാവിനെ ചുമന്ന് കയറി. തുടര്‍ന്ന് ഇയാളെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. ശേഷം കൂടിനിന്നവരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് രണ്ട് ഉദ്യോഗസ്ഥരും ദക്ഷിണ നാവികസേനാ ആസ്ഥാനത്തേക്ക് പോയത്.

Exit mobile version