കോതമംഗലം പള്ളിയിൽ കയറാൻ ഓർത്തഡോക്‌സും, തടഞ്ഞ് യാക്കോബായും; മണിക്കൂറുകൾ നീണ്ട് സംഘർഷം; ഹർത്താൽ പ്രഖ്യാപിച്ച് വ്യാപാരികളും ബസ് ഉടമകളും

കോതമംഗലം: കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിക്കാനായി എത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ തടഞ്ഞ് ഗേറ്റടച്ചിട്ട് പള്ളിക്കകത്ത് കയറി യാക്കോബായ വിഭാഗം. പിന്മാറാൻ ഓർത്തഡോക്‌സ് വിഭാഗവ ും തയ്യാറാകാതിരുന്നതോടെ സ്ഥലത്ത് വൻസംഘർഷം ഉടലെടുത്തു. രാവിലെ പത്തരയോടെ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിലാണ് പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്താൻ ഓർത്തഡോക്‌സ് വിഭാഗം പള്ളിയുടെ പ്രവേശന കവാടത്തിൽ എത്തിയത്. എന്നാൽ പള്ളിക്കകത്ത് കയറി ഇരിപ്പുറപ്പിച്ച യാക്കോബായ വിഭാഗം ഇവരെ അകത്തേക്ക് പ്രവേശിക്കാൻ സമ്മതിച്ചില്ല.

പിന്നാലെ, മണിക്കൂറുകൾ നീണ്ട സംഘർഷത്തിൽ രോഷാകുലരായ കോതമംഗലത്തെ പൊതുസമൂഹവും വ്യാപാരികളും ബസ് ഉടമകളും ഹർത്താൽ പ്രഖ്യാപിച്ചു. ഇതേതുടർന്ന് ബസ് ഗതാഗതം നിർത്തുകയും സ്‌കൂളുകൾ അടക്കുകയും ചെയ്തു.

ഓർത്തഡോക്‌സ് വിഭാഗത്തിനെതിരെ പള്ളിക്കകത്തും പുറത്തും നിന്നും യാക്കോബായ വിശ്വാസികൾ മുദ്രാവാക്യം മുഴുക്കുന്നുണ്ട്. ഇടവകക്കാരും പുറത്തുള്ളവരും പള്ളിമുറ്റത്തും നിലയുറപ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സഹകരിക്കണമെന്നും അല്ലെങ്കിൽ ബലപ്രയോഗം നടത്തേണ്ടി വരുമെന്നും ജില്ലാ ഭരണകൂടത്തിന് വേണ്ടി മൂവാറ്റുപ്പുഴ ആർടിഒ വ്യക്തമാക്കി. പള്ളിക്ക് പുറത്ത് വൻ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

ഒക്ടോബർ 17നാണ് ഓർത്തഡോക്‌സ് വിഭാഗത്തെ കോതമംഗലം പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന് നിർദേശിച്ച് കോടതി വിധി വന്നത്. കൂടാതെ, തോമസ് പോൾ റമ്പാന് സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. യെൽദോ മാർ ബസേലിയോസ് ബാവയുടെ 334 വർഷം പഴക്കമുള്ള കബറിടം അടക്കമുള്ള തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ളത് കോതമംഗലം പള്ളിയിലാണ്.

Exit mobile version