അഴുക്കു നിറഞ്ഞ പെയിന്റു ബക്കറ്റുകളില്‍ കേക്ക് ചേരുവകളും ക്രീമും; തലസ്ഥാനത്തെ ബേക്കറികളില്‍ ഞെട്ടിപ്പിക്കുന്ന കാഴ്ച

ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: തലസ്ഥാനത്തെ ബേക്കറികളില്‍ നടത്തിയ പരിശോധനയില്‍ അഴുക്കു നിറഞ്ഞ പെയിന്റു ബക്കറ്റുകളില്‍ കേക്ക് ചേരുവകളും ക്രീമും സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് വൃത്തഹീനമായസാഹചര്യങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ പാചകം ചെയ്യുന്നതായി കണ്ടെത്തിയത്.

ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ബേക്കറികളില്‍ നിന്നും 25 കിലോ കേക്കും 15 കിലോ ക്രീമും പഴകിയ എണ്ണയും അടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. ബേക്കറികളുടെ അടുക്കളഭാഗത്ത് മാലിന്യം കെട്ടിക്കിടന്ന് പരിസരമാകെ ദുര്‍ഗന്ധമായിരുന്നു. അഴുക്കു നിറഞ്ഞ പെയിന്റു ബക്കറ്റുകളിലാണ് ചേരുവകളും ക്രീമും സൂക്ഷിച്ചിരുന്നത്.

ഭക്ഷ്യസാധനങ്ങള്‍ പാചകം ചെയ്യുന്നതിന് തൊട്ടടുത്തായാണ് ശുചിമുറിയും. ജീവനക്കാര്‍ കയ്യുറ ഉപയോഗിക്കാതെയാണ് ആഹാരം പാചകം ചെയ്യുന്നതെന്നും കേക്കുകള്‍ പലതും ന്യൂസ് പേപ്പറുകളില്‍ പൊതിഞ്ഞ് വെച്ചിരിക്കുകയായിരുന്നെന്നും അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തി.

മിന്നല്‍പരിശോധനയില്‍ ഒരു ബേക്കറിയുടെ ഗോഡൗണില്‍ നിന്നും കാലാവധി കഴിഞ്ഞ 250 കവര്‍പാലും ഭക്ഷണ പാനീയങ്ങളില്‍ നിറത്തിനും മണത്തിനും രുചിക്കും ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങളും പിടിച്ചെടുത്തു. ഇവ പിന്നീട് നശിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. വിവിധ കടകളില്‍ നിന്ന് 28000 രൂപ പിഴയായും ഈടാക്കിയിട്ടുണ്ട്.

15 കടകളിലാണ് സംഘം പരിശോധന നടത്തിയത്. മിക്ക കടകള്‍ക്കും ലൈസന്‍സോ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡോ ഉണ്ടായിരുന്നില്ല. ഇത്തരം കടകള്‍ക്കും നോട്ടിസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു. 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

Exit mobile version