താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം;പിന്നില്‍ നാലംഗ സംഘം; അറസ്റ്റ് ഉടനെന്ന് മലപ്പുറം എസ്പി

മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ നാലംഗ സംഘം. പ്രതികളെ തിരിച്ചറിഞ്ഞതായി മലപ്പുറം എസ്പി യു അബ്ദുള്‍ കരീം.

മലപ്പുറം: മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ നാലംഗ സംഘം. പ്രതികളെ തിരിച്ചറിഞ്ഞതായി മലപ്പുറം എസ്പി യു അബ്ദുള്‍ കരീം. അതേസമയം, നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്.

ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും എസ്പി പറഞ്ഞു. ഇന്നലെ രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നത്. രാത്രി ഏഴരയോടെയാണ് അഞ്ചുടിയില്‍ വച്ച് ഇസ്ഹാഖിനു നേരെ ആക്രമണമുണ്ടായത്. വീട്ടില്‍ നിന്നും കവലയിലേക്ക് വരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തു വച്ചായിരുന്നു ആക്രമണം. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാല് ആക്രമികളും സിപിഎം പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലീം ലീഗ് ഇന്നലെ തന്നെ ആരോപിച്ചിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുകയാണ്. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെയുള്ള ആറ് നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.

Exit mobile version