യാത്രക്കാരെ ദുരിതത്തിലാക്കി കൊച്ചിയിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്; വഴങ്ങാതെ ബസ് ഉടമകൾ

കൊച്ചി: കൊച്ചിയിലെ സാധാരണക്കാരെ ദുരിതത്തിലാക്കി വൈറ്റില ഹബ്ബ് വഴിയുള്ള സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. സ്വകാര്യ ബസുകൾ വൈറ്റില അണ്ടർപാസിലൂടെ ഹബ്ബിലേക്കു വരുന്നത് ചിലർ തടഞ്ഞതോടെയാണ് ബസുകൾ പണിമുടക്കിയത്. നിലവിൽ വൈറ്റില പാലം പണി നടക്കുന്നതിനാൽ ചക്കരപ്പറമ്പ് ചെന്ന് യുടേൺ എടുത്തു വേണം ബസുകൾക്ക് വൈറ്റില ഹബ്ബിലെത്താൻ. ഇത്തരത്തിൽ അധിക ദൂരം ഓട്ടം വരുന്നതിനാൽ കഴിഞ്ഞ മാസം വൈറ്റില അണ്ടർപാസ് വഴി കടന്നു പോകാൻ അനുവദിക്കണമെന്ന് ബസ് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു.

അന്ന് സമരത്തിലേക്ക് നീങ്ങാതിരിക്കാൻ കളക്ടർ ഇടപെടുകയും ഏഴു ദിവസത്തിനകം റോഡ് നന്നാക്കി അതുവഴി ഓടാം എന്ന വാഗ്ദാനം നൽകുകയുമായിരുന്നു. അതോടെ പ്രഖ്യാപിച്ച സമരത്തിൽ നിന്ന് പിൻമാറുകയായിരുന്നെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോൺഫഡറേഷൻ ചെയർമാൻ എബി കുഞ്ഞ് പറയുന്നു.

പാലത്തിനടിയിലെ റോഡ് നന്നാക്കുന്നതിന് 25 ദിവസമെടുത്തു. അന്ന് അതുവഴി ഓടാൻ ചെന്നപ്പോൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തുറന്നു തരാനാവില്ലെന്നും 24ാം തീയതി തുറന്നു തരാം എന്നും കളക്ടർ തീരുമാനം മാറ്റി.

അത് അംഗീകരിച്ച് ഇന്ന് സ്വകാര്യ ബസുകൾ അതുവഴി ചെന്നപ്പോൾ കൗൺസിലറും കുറെ ഗുണ്ടകളും വന്ന് ബസുകൾ തടയുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചർച്ചയ്‌ക്കെത്തിയ പോലീസും ബസുകാർക്ക് അനുകൂല നിലപാടെടുത്തില്ല. ഇതോടെയാണ് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. പണിമുടക്ക് തുടരുകയാണ്.

Exit mobile version