അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് മരണപ്പെട്ട വിദ്യാര്‍ഥി അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പാലാ സിന്തറ്റിക് ട്രാക്കില്‍ നടന്ന മത്സരത്തിനിടെയാണ് വൊളണ്ടിയറായിരുന്ന പാലാ സെന്റ് തോമസ് സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി അഫീലിന് ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റത്. ജാവലിന്‍ മത്സരത്തില്‍ സഹായിയായി നില്‍ക്കുകയായിരുന്നു അഫീല്‍.

പ്രളയബാധിതരുടെ പുനരധിവാസത്തിന് നല്‍കുന്ന ദാനാധാരങ്ങള്‍ക്ക് മുദ്രവിലയിലും രജിസ്‌ട്രേഷന്‍ ഫീസിലും 2020 മാര്‍ച്ച് 31 വരെ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ള പദ്ധതികളുടെ നടത്തിപ്പിന് 40 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കരാര്‍ അടിസ്ഥാനത്തിലും ഡെപ്യൂട്ടേഷന്‍ വഴിയുമായിരിക്കും നിയമനം.

വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമഗ്രമായ ബോധവല്‍ക്കരണ പരിപാടി നടപ്പാക്കാന്‍ തീരുമാനിച്ചു. വിമുക്തി മിഷന്റെ നേതൃത്വത്തിലാണ് പരിപാടി നടപ്പാക്കുക.

Exit mobile version